‘ഓര്‍ഡര്‍ നല്‍കുന്നതിന് മുമ്പ് ആലോചിക്കുക, എരിവ് കൂടുതലാണെങ്കില്‍ പണം തിരികെ നല്‍കില്ല’ : തായ് റസ്റ്ററന്റിന്റെ മുന്നറിയിപ്പ് വൈറലാകുന്നു

പൊതുവേ എരിവിനോട് പ്രിയമുള്ളവരാണ് ഇന്ത്യക്കാര്‍. പുറം രാജ്യങ്ങളില്‍ നമ്മുടെ വിഭവങ്ങള്‍ വേറിട്ട് നില്‍ക്കുന്നത് അല്‍പം ‘എരിവും പുളിയുമൊക്കെ’ ഉള്ളതു കൊണ്ടുകൂടിയാണ്. ഏകദേശം ഇന്ത്യന്‍ ഭക്ഷണത്തിന്റെ അതേ സ്വഭാവമാണ് തായ് വിഭവങ്ങള്‍ക്കും. എന്നാല്‍ തായ് വിഭവങ്ങള്‍ അവയുടെ രുചി കൊണ്ട് മാത്രമല്ല ഇപ്പോള്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. തായ്‌ലന്‍ഡിലെ ഒരു റസ്റ്ററന്റില്‍ നല്‍കിയിരിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം.

ജെയ്‌സണ്‍ വിറ്റെന്‍ബെര്‍ഗ് എന്നയാളാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. നല്ല എരിവുള്ള ഭക്ഷണം നിങ്ങള്‍ തന്നെ ഓര്‍ഡര്‍ ചെയ്തിട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പണം തിരികെ തരില്ലെന്നും അത് കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നുമാണ് റസ്റ്ററന്റിലെ അറിയിപ്പില്‍ വ്യക്തമാക്കുന്നത്.

1.6 ലക്ഷം പേരാണ് ട്വീറ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. നേരത്തേ ഈ റസ്റ്ററന്റില്‍ എരിവുള്ള ഭക്ഷണം കഴിച്ചിട്ട് പണം തിരികെ ആവശ്യപ്പെട്ട യുഎസ് പൗരന്മാരെ ഉദ്ദേശിച്ചാണ് അറിയിപ്പെന്നാണ് പറയുന്നത്. ഇന്ത്യന്‍, തായ് വിഭവങ്ങളുടെ എരിവിനെ സംബന്ധിച്ച് നിരവധി ആളുകളാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

Exit mobile version