പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണയുമായി ‘ഹര ഹര’ വീഡിയോ

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. സമരത്തിനും ആക്രമണത്തിനുമിടെ നിരവധി ജീവനുകളും പൊഴിഞ്ഞു. സമരക്കാര്‍ പലവിധത്തിലാണ് തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്. ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് ഒരു വീഡിയോയും പുറത്തെത്തിയിരിക്കുകയാണ്. സ്ട്രീറ്റ് അക്കാഡമിക്സും കാമി പിക്ച്ചേഴ്സും സ്റ്റാബ്സും ചേര്‍ന്നാണ് ‘ഹര ഹര’ എന്ന് പേരുള്ള മ്യൂസിക് വീഡിയോ പുറത്തിറക്കിയത്.

രാജ്യത്ത് പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് സ്വീകരിച്ച കര്‍ശന നടപടിയും, നിലവില്‍ നടന്ന്‌കൊണ്ടിരിക്കുന്ന സമരങ്ങളുമെല്ലാം കോര്‍ത്തിണക്കിയാണ് വീഡിയോ തെയാറാക്കിയിരിക്കുന്നത്.

തകര്‍ക്കുക എന്ന് അര്‍ത്ഥമുള്ള വാക്കാണ് ഹര. നേറ്റീവ് ബാപ്പ, നേറ്റീവ് സണ്‍സ്, എന്നീ മ്യൂസിക് വീഡിയോയിലൂടെയും ഷെയിന്‍ നിഗം നായകനായ വലിയ പെരുന്നാള്‍ സിനിമയിലെ ഗാനത്തിലൂടെയും പ്രസിദ്ധനായ ഹാരിസ് സലീമാണ് ഈ വീഡിയോയില്‍ റാപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

പൗരത്വ നിയമം ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണെന്നും തങ്ങള്‍ ഇന്ത്യയിലെ ജനാധിപത്യ പോരാട്ടങ്ങളെ നിരുപാധികം പിന്തുണക്കുന്നു എന്നും പ്രഖ്യാപിച്ചാണ് റാപ്പ് വീഡിയോ ആരംഭിക്കുന്നത്.

രാജ്യത്ത് നടക്കുന്നത് രണ്ടാം സ്വാതന്ത്ര സമരണാണിത്, ഇങ്ക്വിലാബ് തങ്ങള്‍ വിളിക്കുമെന്നും മുസ്ലിമായും ദലിതനായും ജീവിക്കുമെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

Exit mobile version