മൃഗശാലയുടെ മതില്‍ ചാടി സിംഹത്തിന് മുമ്പില്‍ യുവതിയുടെ നൃത്തം; സോഷ്യല്‍മീഡിയയില്‍ വൈറലായി വീഡിയോ

ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്‌സ് മൃഗശാലയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്

ന്യൂയോര്‍ക്ക്: മൃഗശാലയില്‍ പോയാല്‍ നമുക്കൊക്കെ ചെറിയൊരു ആഗ്രഹം കാണും അവയെ കുറച്ചു കൂടി അടുത്ത് കാണാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന്. എന്നാല്‍ ഉള്ളിലെ ഭയം കാരണം നമ്മള്‍ ആ ആഗ്രഹത്തെ മാറ്റി വയ്ക്കാറാണ് പതിവ്. എന്നാല്‍ ചിലര്‍ അങ്ങനെയല്ല, ആഗ്രഹിച്ച കാര്യം നേടിയെടുക്കാന്‍ എന്ത് സാഹസികത കാണിക്കാനും അവര്‍ തയ്യാറാണ്. അത്തരത്തിലുള്ള ഒരു സാഹസിക വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

മൃഗശാലയിലെ മതില്‍ ചാടിക്കടന്ന് സിംഹത്തിന് അടുത്ത് പോയി ഗോഷ്ടി കളിക്കുന്ന യുവതിയുടെ വീഡിയോ ആണ് വൈറല്‍ ആയിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്‌സ് മൃഗശാലയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. മൃഗശാലയിലെ സന്ദര്‍ശകരില്‍ ഒരാള്‍ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ ആണ് വീഡിയോ വൈറലായത്.

എന്നാല്‍ യുവതി തൊട്ടടുത്തു നിന്ന് ഗോഷ്ടി കാണിച്ചിട്ടും സിംഹം അവരെ ഒന്നും ചെയ്യാതെ മാറി നിന്നത് കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തുകയാണ്. സിംഹത്തിന്റെ മുന്നില്‍ ചാടിയ യുവതിയുടെ പേര് വ്യക്തമല്ല. യുവതിയുടെ ഈ പ്രവൃത്തി വിശ്വസിക്കാനാവുന്നില്ലെന്നാണ് ചിലര്‍ ഈ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

അതേസമയം സ്വന്തം ജീവന്‍ ഇത്തരത്തില്‍ പണയംവെച്ച യുവതി ഒരു വിഡ്ഢിയാണെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം യുവതിയുടെ ഈ സാഹസിക പ്രവൃത്തി ഗുരുതരമായ വീഴ്ചയാണെന്നും മരണം വരെ സംഭവിക്കുമായിരുന്നുവെന്നും മൃഗശാല അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Exit mobile version