ചൊവ്വയുടെ ഉപഗ്രഹത്തില്‍ നിന്ന് മണ്ണെത്തിക്കുമെന്ന് ജപ്പാന്‍ : 2029ഓടെ നടപ്പിലാക്കാന്‍ പദ്ധതി

Mars | Bignewslive

ടോക്യോ : ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസില്‍ നിന്ന് ഭൂമിയിലേക്ക് മണ്ണെത്തിക്കാന്‍ ജപ്പാന്‍ ലക്ഷ്യമിടുന്നു. 2029ഓടെ ലക്ഷ്യം നടപ്പിലാക്കാനാണ് പദ്ധതി.

ഗ്രഹത്തിന്റെ ഉദ്ഭവം, ജീവിതസാധ്യതകള്‍ എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായുള്ള പര്യവേഷണ വാഹനം 2024ല്‍ ഫോബോസിലെത്തിച്ച് 10 ഗ്രാം മണ്ണുമായി 2029ല്‍ തിരികെയെത്തിക്കുകയാണ് ലക്ഷ്യമെന്ന് ജാപ്പനീസ് ബഹിരാകാശ ഏജന്‍സിയായ ജാക്‌സാ വിശദീകരിച്ചു.ഫോബോസിലെ മണ്ണില്‍ ചൊവ്വയുടെ മണ്ണിന്റെ 0.1 ശതമാനം അംശമടങ്ങിയിട്ടുണ്ട്.

പത്ത് ഗ്രാമില്‍ 30 തരിയോളമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രോജക്ട് മാനേജര്‍ യുസുഹിറോ കവാകാറ്റ്‌സു പറഞ്ഞു. പദ്ധതി നടപ്പായാല്‍ യുഎസിനെയും ചൈനയെയും പിന്നിലാക്കാന്‍ ജപ്പാനാകുമെന്നും കവാകാറ്റ്‌സു അവകാശപ്പെട്ടു.ഫോബോസിലെ മണ്ണില്‍ ചൊവ്വയില്‍ നിന്നുള്ള വസ്തുക്കള്‍ കലര്‍ന്നതാകാന്‍ സാധ്യതയുണ്ട്. ഇത് ഗവേഷണങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുമെന്ന് ബഹിരാകാശ ഗവേഷകനായ തോമോഹിറോ ഉസുയ് ചൂണ്ടിക്കാട്ടി.

ചൊവ്വയില്‍ പര്യവേഷണം തുടരുന്ന അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ പെഴ്‌സിവിയറന്‍സ് 31 സാംപിളുകളാണ് ഇതുവരെ ശേഖരിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്റെ സഹായത്തോടെ 2031ലാകും പെഴ്‌സിവിയറന്‍സിന്റെ മടക്കം. ചൈനയുടെ ബഹിരാകാശ വാഹനം സാംപിളുകളുമായി 2030ഓടെ എത്തിയേക്കും. ചൊവ്വയിലേക്ക് ബഹിരാകാശ വാഹനം അയക്കുന്ന രണ്ടാമത്തെ രാജ്യമാണ് ചൈന.

Exit mobile version