ചരിത്രം പിറന്നു; നാസയുടെ പെർസിവിയറൻസ് അമ്പരപ്പിക്കുന്നു; ചൊവ്വയിൽ ഓക്‌സിജൻ ഉത്പാദിപ്പിച്ചു

moxie_

ഓക്‌സിജൻ ഇല്ലാതെ ബഹിരാകാശത്തേക്ക് യാത്ര സാധ്യമാകുന്ന തരത്തിൽ ബഹിരാകാശ പര്യവേഷണ രംഗത്ത് മറ്റൊരു പൊൻതൂവൽ കൂടി സ്വന്തമാക്കി നാസ. ഫെബ്രുവരി 18ന് ചൊവ്വയിൽ ഇറങ്ങിയ പെർസിവിയറൻസ് ചൊവ്വയുടെ അന്തരീക്ഷത്തിൽ നിന്നും ഓക്‌സിജൻ ഉത്പാദിപ്പിച്ചു.

ചൊവ്വയിൽ ചെറു ഹെലികോപ്ടർ പറത്തിയതിന് പിന്നാലെയാണ് നാസയുടെ ചൊവ്വാദൗത്യം ഓക്‌സിജൻ ഉത്പാദിപ്പിച്ച് ഞെട്ടിച്ചിരിക്കുന്നത്. ചൊവ്വയുടെ അന്തരീക്ഷത്തിലെ 96 ശതമാനം വരുന്ന കാർബൺ ഡൈ ഓക്‌സൈഡിൽ നിന്നാണ് പെർസിവിയറൻസിന്റെ ഭാഗമായ മോക്‌സി ഓക്‌സിജൻ ഉത്പാദിപ്പിച്ചത്.

പെർസിവിയറൻസ് റോവറിന്റെ മുൻഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള ഭാഗമാണ് മോക്‌സി. സ്വർണാവരണമുള്ള കാർ ബാറ്ററിയുടെ വലിപ്പമുള്ള ഒരു പെട്ടിയാണ് മോക്‌സി അഥവാ -The Mars Oxygen In-Situ Resource Utilization Experiment-MOXIE ശാസ്ത്രത്തിന്റെ വലിയ കുതിച്ചുചാട്ടത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.

വൈദ്യുതി ഉപയോഗിച്ച് രാസപ്രവർത്തനത്തിലൂടെ കാർബൺ ഡൈ ഓക്‌സൈഡ് തന്മാത്രകളെ കാർബൺ ആറ്റവും ഓക്‌സിജൻ ആറ്റങ്ങളുമായി വിഘടിപ്പിക്കുന്ന ജോലിയാണ് മോക്‌സി ചെയ്തത്. അഞ്ച് ഗ്രാം ഓക്‌സിജനാണ് മോക്‌സി ആദ്യത്തെ തവണ ഉത്പാദിപ്പിച്ചത്. ഒരു ബഹിരാകാശയാത്രികന് പത്ത് മിനിറ്റ് സമയത്തേക്ക് ശ്വസിക്കാനുള്ള അളവാണിത്. മോക്‌സി മണിക്കൂറിൽ പത്ത് ഗ്രാം ഓക്‌സിജൻ ഉത്പാദിപ്പിക്കും.

അതേസമയം, ഭൂമിയല്ലാതെ മറ്റൊരു ഒരു ഗ്രഹത്തിൽ നിന്നും ഓക്‌സിജൻ ഉത്പാദിപ്പിക്കാൻ സാധിച്ചത് ഭാവിയിലെ ബഹിരാകാശ പര്യവേക്ഷണങ്ങളെ ഉത്തേജിപ്പിക്കുന്നതാണ്. ഈ നേട്ടം ഭാവിയിൽ ബഹിരാകാശ യാത്രികർക്ക് ഓക്‌സിജൻ ഇല്ലാതെ ഭൂമിയിൽ നിന്നും യാത്ര പുറപ്പെടാൻ ധൈര്യം നൽകും.

ബഹിരാകാശത്തെ ശ്വസനത്തിന് മാത്രമല്ല മാത്രമല്ല റോക്കറ്റ് പ്രൊപ്പലന്റിന്റെ പ്രവർത്തനത്തിനാവശ്യമായ ഓക്‌സിജൻ കൂടി ഭാവിയിൽ ഉത്പാദിപ്പിക്കാനാവും എന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

ഉയർന്ന താപനിലയിലും അതിജീവിക്കാൻ നിക്കൽ അയിര് പോലെയുള്ള വസ്തുക്കളാണ് മോക്‌സിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മോക്‌സിയുടെ സ്വർണാവരണം താപനിലയിലുണ്ടാകുന്ന വ്യത്യാസം റോവറിന് ഹാനികരമാകാതെ സംരക്ഷിക്കും.

Exit mobile version