ഷെയ്ഖ് ഖാലിദിന് യുഎഇയുടെ യാത്രാമൊഴി; ജുബൈലില്‍ അന്ത്യവിശ്രമം

ഷാര്‍ജ: യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയും കേരളത്തിനു സുപരിചതനുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഇളയ മകന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് വിട നല്‍കി യുഎഇ.

വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം ഷാര്‍ജ ജുബൈലിലെ ഖബര്‍സ്ഥാനില്‍ ഖബറടക്കി. രാവിലെ ഒന്‍പതിന് ഷാര്‍ജ കിങ് ഫൈസല്‍ മസ്ജിദില്‍ നടന്ന മയ്യത്ത് നമസ്‌കാരത്തില്‍ ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും വിവിധ എമിറേറ്റിലെ ഭരണാധികാരികളും രാജകുടുംബാംഗങ്ങളും പങ്കെടുത്തു.
ചൊവ്വാഴ്ച ലണ്ടനിലാണ് ഷെയ്ഖ് ഖാലിദ് മരിച്ചത്. നിര്യാണത്തെ തുടര്‍ന്ന് യുഎഇയില്‍ 3 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഷാര്‍ജ നഗരാസൂത്രണ സമിതി ചെയര്‍മാന്‍ കൂടിയാണ് അന്തരിച്ച ഷെയ്ഖ് ഖാലിദ്. സാംസ്‌കാരിക മേഖലയില്‍ ഉള്‍പ്പെടെ നിറഞ്ഞുനിന്ന വ്യക്തിത്വം. കൂടാതെ, ലണ്ടനിലെ അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനറുമായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ ലണ്ടനില്‍ ജീവിച്ചുവന്ന അദ്ദേഹം ഖാസിമി എന്ന ബ്രാന്‍ഡില്‍ ലണ്ടനില്‍ ഏറെ പ്രശസ്തനുമായിരുന്നു.

Exit mobile version