ജമാല്‍ ഖഷോഗ്ജിയുടെ വധത്തില്‍ സൗദി കിരീടാവകാശിക്കും പങ്ക്? ലോകത്തെ ഞെട്ടിച്ച് യുഎന്‍ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍

മാധ്യമപ്രവര്‍ത്തകനെ വധിച്ചതില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്നതിനു വിശ്വസനീയമായ തെളിവുണ്ടെന്നാണ് ആഗ്‌നസ് കലമാഡിന്റെ പുതിയ റിപ്പോര്‍ട്ട്.

ജനീവ: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധം സൗദി ഭരണകൂടത്തിന്റെ അറിവോടെയെന്ന് സ്ഥാപിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടുമായി ഐക്യരാഷ്ട്ര സംഘടന (യുഎന്‍)യുടെ പ്രത്യേക അന്വേഷക ആഗ്‌നസ് കലമാഡ്. മാധ്യമപ്രവര്‍ത്തകനെ വധിച്ചതില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്നതിനു വിശ്വസനീയമായ തെളിവുണ്ടെന്നാണ് ആഗ്‌നസ് കലമാഡിന്റെ പുതിയ റിപ്പോര്‍ട്ട്. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചു കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഖഷോഗ്ജി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് രാജ്യാന്തര അന്വേഷണം വേണമെന്നു നിര്‍ദേശിച്ചിരുന്നു.

അതേസമയം, കൂടുതല്‍ അന്വേഷണം വേണമെന്ന ഗുട്ടെറസിന്റെ വാദം ശരിവെയ്ക്കുന്ന രീതിയിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്കു വ്യക്തമായത് എന്ന് ആഗ്നസ് ചൂണ്ടിക്കാട്ടുന്നു. സൗദി കോണ്‍സുലേറ്റില്‍ നടന്ന കൊലപാതകത്തിന്റെ വീഡിയോ കണ്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നേരത്തെ, വധക്കേസ് അന്വേഷിച്ച സൗദി സംഘം മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്കു നിഷേധിച്ചിരുന്നു. കൊല നടത്തിയതിനു കസ്റ്റഡിയിലുളള 12 പേരടങ്ങിയ സംഘത്തില്‍ 5 പേര്‍ക്കു വധശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന്‍ സൗദി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെയാണ്, ഖഷോഗ്ജി വധക്കേസില്‍ മനുഷ്യാവകാശങ്ങളിലൂന്നിയുള്ള സ്വതന്ത്ര അന്വേഷണം നടത്താന്‍ യുഎന്‍ ആഗ്നസ് കലമാഡിനെയും സംഘത്തെയും നിയോഗിച്ചത്.

Exit mobile version