അവധിക്കാലം അടുത്തതോടെ യാത്രക്കാരെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍; ടിക്കറ്റ് നിരക്കില്‍ ഇരട്ടിയിലധികം വര്‍ധന

കോഴിക്കോട്: അവധിക്കാലത്ത് വിദേശയാത്ര പോകുന്നവരെ ദുരിതത്തിലാഴ്ത്തി വിമാനടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെ വര്‍ധിപ്പിച്ച് വിമാനക്കമ്പനികള്‍. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാനനിരക്കാണ് കുത്തനെ കൂട്ടിയിരിക്കുന്നത്.

കരിപ്പൂരില്‍ നിന്ന് സൗദിയിലേക്ക് മാര്‍ച്ച് ആദ്യവാരം 15,000 മുതല്‍ 16,000 രൂപ വരെയായിരുന്നു ടിക്കറ്റ് നിരക്ക്. എന്നാല്‍ ഇപ്പോള്‍ 28,000 മുതല്‍ 31,000 രൂപ വരെയായി ഉയര്‍ന്നിരിക്കുകയാണ്. ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികം വര്‍ധിച്ചത് കൂടാതെ ടിക്കറ്റ് ലഭ്യത കുറഞ്ഞതും യാത്രക്കാരെ വലയ്ക്കുന്നുണ്ട്.

ദുബായിലേക്ക് 6000 മുതല്‍ 7000 രൂപ നിരക്കില്‍ കിട്ടിയിരുന്ന വിമാനടിക്കറ്റിന് ഇപ്പോള്‍ 16,000 മുതല്‍ 17,000 രൂപയിലെത്തിയിരിക്കുകയാണ്. നേരത്തേ റിയാദിലേക്ക് 11000 മുതല്‍ 12000 രൂപയ്ക്ക് ലഭിച്ചിരുന്ന ടിക്കറ്റിന്റെ വില ഇപ്പോള്‍ 24,000 മുതല്‍ 26,000 രൂപ വരെയാണ്.

ദോഹയിലേക്കുള്ള ടിക്കറ്റ് നിരക്കും കുതിച്ചുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞമാസം 7000 മുതല്‍ 8000 രൂപയ്ക്ക് ലഭിച്ച ടിക്കറ്റിന് ഇപ്പോള്‍ 15,000 മുതല്‍ 16,000 രൂപ വരെയാണ് വില. വിമാനക്കമ്പനികള്‍ മേയ് രണ്ടാം വാരം വരെ ഉയര്‍ന്ന നിരക്ക് ഈടാക്കാനാണ് സാധ്യത. പിന്നീട് പെരുന്നാള്‍ അടുത്തതിനാല്‍ നാട്ടിലേക്കു മടങ്ങുന്ന പ്രവാസികളുടെ എണ്ണം കൂടുന്നത് കൊണ്ട് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കും കൂട്ടിയേക്കും.

Exit mobile version