ദുബായ്: വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റില്‍ അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഏകദേശം രണ്ട് ടണ്‍ മത്സ്യം പിടിച്ചെടുത്തു. മത്സ്യബന്ധന നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ആണ് മത്സ്യങ്ങള്‍ പിടിച്ചെടുത്തത്. ദുബായ് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് യുഎഇ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയമാണ് മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന നടത്തിയത്.
മത്സ്യം പിടിച്ചെടുത്തതിന് പുറമെ കടയുടമകള്‍ക്കും മത്സ്യബന്ധനം നടത്തിയവര്‍ക്കും മത്സ്യം എത്തിച്ചവര്‍ക്കും അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് അറിയിച്ചു. നിശ്ചിത വലിപ്പം എത്താത്ത മീനുകള്‍, സ്രാവുകളെ പിടിക്കാന്‍ നിയന്ത്രണമുള്ള സമയമായതിനാല്‍ മാര്‍ക്കറ്റിലെത്തിയ സ്രാവുകള്‍ എന്നിവയാണ് അധികൃതര്‍ പിടിച്ചെടുത്തത്.
പിടിച്ചെടുത്ത മീനുകള്‍ അധികൃതര്‍ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാനായി സന്നദ്ധ സംഘടനകള്‍ക്ക് കൈമാറി. രാജ്യത്തെ പരിസ്ഥിതി ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയും മത്സ്യസമ്പത്ത് കാത്തുസംരക്ഷിക്കുന്നതിനുമാണ് മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.