കെട്ടിടത്തിന്റെ 10-ാം നിലയില്‍ നിന്ന് താഴേയ്ക്ക് വീണു, വന്ന് ശക്തിയായി പതിച്ചത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലില്‍! ജീവന്‍ ഒരു തരി ബാക്കി നിര്‍ത്തി അത്ഭുതകരമായ രക്ഷപ്പെടല്‍, ഒന്നരവയസുകാരിയ്ക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ യുഎഇ

റാസല്‍ഖൈമ സഖര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞ് ഇപ്പോള്‍

അബുദാബി: യുഎഇ മുഴുവന്‍ ഇന്ന് കണ്ണീരും പ്രാര്‍ത്ഥനയുമായി കഴിയുകയാണ്. മരണത്തോട് മല്ലടിക്കുന്ന പിഞ്ചു കുഞ്ഞിന്റെ ജീവനു വേണ്ടിയാണ് ഇന്ന് കേഴുന്നത്. കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് കാറിലേയ്ക്ക് വീണ ഒന്നര വയസുകാരിയാണ് മരണത്തോട് മല്ലടിക്കുന്നത്.

റാസല്‍ഖൈമ സഖര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞ് ഇപ്പോള്‍. ഞായറാഴ്ച രാത്രി 11.15നായിരുന്നു കുഞ്ഞ് ഫ്‌ലാറ്റിന്റെ ജനാലവഴി താഴേയ്ക്ക് വീണത്. കെട്ടിടത്തിന് താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളിലേയ്ക്കായിരുന്നു കുഞ്ഞ് പതിച്ചത്. ചില്ല് തകര്‍ത്തു കാറിന് അകത്തേയ്ക്ക് വീണ കുട്ടിക്ക് സാരമായി പരിക്കേറ്റു. ദേഹമാസകലം പരുക്കേറ്റ കുട്ടിയില്‍ ജീവന്റെ ഒരു തരി ബാക്കി നിന്നത് വലിയ അത്ഭുതമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയ ശേഷം കുട്ടിയെ ഉബൈദുല്ല ആശുപത്രിയില്‍ വിദഗ്ധ പരിശോധനയ്ക്കും വിധേയമാക്കിയിരുന്നു. കുട്ടിയുടെ പിതാവ് സാധനങ്ങള്‍ വാങ്ങിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റിലേയ്ക്ക് പോയ സമയത്തായിരുന്നു സംഭവം. മാതാവ് ആറ് വയസുകാരനായ മൂത്ത മകനെ പിറ്റേന്ന് രാവിലെ സ്‌കൂളിലേയ്ക്ക് വിടാനുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. ജനാലയ്ക്ക് അടുത്തുണ്ടായിരുന്ന സോഫയില്‍ കയറിയ കുട്ടി അപകടത്തിലേയ്ക്ക് തെന്നി വീഴുകയായിരുന്നു.

Exit mobile version