ഒമാനില്‍ വീണ്ടും ‘മെര്‍സ്’ വൈറസിന്റെ സ്ഥിരീകരണം; മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു

മെര്‍സിനെതിരെ അതീവ ജാഗ്രതയില്‍

മസ്‌ക്കറ്റ് ; ഒമാനില്‍ മെര്‍സ് ബാധയേറ്റ് രണ്ട് മരണം കൂടി . മിഡിലീസ്റ്റ് റെസ്പിരേറ്ററി സിന്‍ഡ്രോം ബാധിച്ച് രണ്ട് പേര്‍ മരണപ്പെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് പേര്‍ കൂടി മരിച്ചതോടെ മെര്‍സ് മൂലം ഒമാനില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. അഞ്ച് പേരില്‍ മെര്‍സ് കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ റഫറല്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.

2013 ലാണ് ഒമാനില്‍ ആദ്യമായി മെര്‍സ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുവരെ ഒമാന്റെ വിവിധ ഭാഗങ്ങളിലായി 19 പേര്‍ക്കാണ് രോഗം ബാധിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2015 ജനുവരിയിലാണ് രാജ്യത്ത് അവസാനമായി ‘മെര്‍സ്’ മരണമുണ്ടായത്. പുതുതായി രോഗം കണ്ടെത്തിയവര്‍ക്ക് ആശുപത്രിയില്‍ മതിയായ ചികിത്സ നല്‍കി വരുന്നുണ്ട്.

കൊറോണ വൈറസ് വിഭാഗത്തില്‍ പെട്ടതാണ് മെര്‍സ് വൈറസ് . ശക്തമായ ജലദോഷം,തുടര്‍ച്ചയായ ചുമ,പനി,തൊണ്ടയിലും മൂക്കിലും രക്തം കെട്ടിനില്‍ക്കുക,ശ്വാസ തടസം,ഛര്‍ദി,വൃക്ക രോഗം എന്നിവയാണ് മെര്‍സ് ബാധയുടെ ലക്ഷണങ്ങള്‍. സ്ഥിരം രോഗികളെയും ശാരിരിക ദുര്‍ബലത അനുഭവിക്കുന്നവരെയും പ്രതിരോധശേഷി കുറഞ്ഞവരെയുമാണ് രോഗം ഏറ്റവും വേഗം ബാധിക്കുക. മെര്‍സിനെതിരെ അതീവ ജാഗ്രതയും നിരീക്ഷണവും പുലര്‍ത്തുന്നുണ്ട്. എല്ലാ ആശുപത്രികളും ‘മെര്‍സി’നെ നേരിടാന്‍ സുസജ്ജമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Exit mobile version