മൂന്നു പതിറ്റാണ്ടിന് ശേഷം ആ അമ്മയും മകളും കണ്ടുമുട്ടി; സ്വപ്‌ന നിമിഷത്തിന് വേദിയൊരുക്കിയത് ദുബായ് വിമാനത്താവളവും ദുബായ് പോലീസും

ദുബായ്: മൂന്നു പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് ശേഷം അമ്മയും മകളും കണ്ടുമുട്ടി,
മനം നിറയ്ക്കുന്ന കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച് ദുബായ് വിമാനത്താവളവും ദുബായ് പോലീസും. രക്ഷിതാക്കള്‍ ചെറുപ്പത്തില്‍ തന്നെ വേര്‍പിരിഞ്ഞ യുവതിയാണ് മൂന്ന് പതിറ്റാണ്ടിന് ശേഷം അമ്മയെ കണ്ടുമുട്ടിയത്.

യുവതിയുടെ മൂത്ത സഹോദരിക്ക് ആറു വയസ്സുള്ളപ്പോഴാണ് മറ്റു നാലു മക്കള്‍ക്കൊപ്പം അവരുടെ പിതാവ് മറ്റൊരു രാജ്യത്തേക്ക് പോയത്. പിന്നീട് സ്വന്തം മക്കളെ കാണാനോ അവരുമായി സംസാരിക്കാനോ പിന്നീട് മാതാവിന് സാധിച്ചില്ല. വര്‍ഷങ്ങള്‍ നിരവധി കടന്നു പോയി. പെണ്‍മക്കള്‍ വളര്‍ന്നു വിവാഹിതരായി.

പുതിയ എമിറാത്തി ഭര്‍ത്താവിനൊപ്പം മാതാവ് യുഎഇയിലേക്ക് എത്തിയതോടെയാണ് കാര്യങ്ങള്‍ മാറിയത്. യുഎഇയില്‍ എത്തിയപ്പോള്‍ മൂത്ത മകളുടെ വിവരങ്ങള്‍ ശേഖരിക്കുകയും അവരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, മാതാവിനെ കാണാന്‍ മറ്റൊരു രാജ്യത്ത് താമസിക്കുന്ന മകള്‍ക്ക് സാധിക്കില്ലായിരുന്നു. എല്ലാം അവസാനിച്ചു എന്നു കരുതിയപ്പോഴാണ് മറ്റൊരു സംഭവം ഉണ്ടായത്. ചികില്‍സയുടെ ആവശ്യത്തിനായി ഈ മകള്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്നു. വിമാനം ദുബായ് വിമാനത്താവളം വഴിയാണ് പോകുന്നതെന്നും വ്യക്തമായി. ഇതോടെ മകളെ കാണാമെന്ന മാതാവിന്റെ ആഗ്രഹം വീണ്ടും സജീവമായി.

മകളെ കാണാന്‍ സഹായം അഭ്യര്‍ഥിച്ച് മാതാവ് ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് എയര്‍പോര്‍ട്ട് സെക്യൂരിറ്റിയെ സമീപിച്ചു. ഒരു പക്ഷേ, ഇനി ഇത്തരം ഒരു കൂടിക്കാഴ്ചയ്ക്ക് അവസരം ഉണ്ടാകില്ലെന്നും മാതാവ് പറഞ്ഞു. തുടര്‍ന്ന് അധികൃതര്‍ അവരുടെ ആഗ്രഹം സഫലീകരിക്കാന്‍ സമ്മതം അറിയിച്ചു. ടെര്‍മിനല്‍ മൂന്നിലെ സിസിടിവിയിലൂടെ കാര്യങ്ങള്‍ നിരീക്ഷിച്ചു.

മകളെ തിരിച്ചറിയാന്‍ മാതാവിന്റെ കയ്യില്‍ വളരെ പഴയ ഒരു ഫോട്ടോ മാത്രമാണ് ഉണ്ടായിരുന്നത്. ഇത് ഉദ്യോഗസ്ഥരെയും കുഴക്കി. ഏതാണ്ട് മൂന്നു മണിക്കൂറോളം സമയമെടുത്ത് അധികൃതര്‍ മകളെ കണ്ടെത്തി. ഇത്തരമൊരു അവസരം ഒരുക്കിയതിന് ഉദ്യോഗസ്ഥര്‍ക്ക് അമ്മയും മകളും പ്രത്യേകം നന്ദിയും പറഞ്ഞു.

Exit mobile version