യുഎഇ പ്രളയത്തില്‍ മലയാളി ദമ്പതികളും മക്കളും രണ്ട് വഴിയ്ക്കായി: കുടുംബം വീണ്ടും ഒന്നിച്ചത് നാല് ദിവസങ്ങള്‍ക്ക് ശേഷം

ഷാര്‍ജ: കഴിഞ്ഞ ദിവസങ്ങളില്‍ ഷാര്‍ജയില്‍ പെയ്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ അകന്നുപോയ മലയാളി കുടുംബം ഒന്നിച്ചത് നാല് ദിവസങ്ങള്‍ക്ക് ശേഷം. തിരുവല്ല പുറമറ്റം സ്വദേശിയായ ജോജോ വര്‍ഗീസാണ് ഭാര്യയെയും പിഞ്ചു കുഞ്ഞിനെയും പിരിഞ്ഞിരുന്നത്. ജോജുവും മകള്‍ നെരിയ മറിയവും താമസ സ്ഥലത്ത് കുടുങ്ങി പോവുകയായിരുന്നു. ഭാര്യ റൂബിയും ഒമ്പത് മാസം പ്രായമുള്ള മകന്‍ നേവദും ആശുപത്രിയിലും പിന്നീട് സുഹൃത്തിന്റെ വീട്ടിലുമായിരുന്നു.

ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണില്‍ പബ്ലിക് റിലേഷന്‍ ഓഫിസറാണ് ജോജോ. ഏപ്രില്‍ 16ന് രാവിലെ മകന് സുഖമില്ലാതിരുന്നതിനാല്‍ ഭാര്യയും മകനുമായി ദുബായിലുള്ള കനേഡിയന്‍ ആശുപത്രിയില്‍ എത്തി. മകനെ ആശുപത്രിയില്‍ അഡ്മിറ്റാക്കി, തുടര്‍ന്ന് സാധനങ്ങള്‍ എടുക്കുന്നതിനായി ജോജോ താമസസ്ഥലത്തേക്ക് പോയി.

ആ സമയത്താണ് മഴ വില്ലനായത്. കുറഞ്ഞ സമയം കൊണ്ട് എമിറേറ്റ് മുഴുവന്‍ വെള്ളത്തിലായി. ജോജോ താമസിച്ചിരുന്ന ഫ്‌ലാറ്റിനും ചുറ്റും വെള്ളക്കെട്ട് അനുഭവപ്പെട്ടു. ശക്തമായ കാറ്റിനെത്തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതിയും നിലച്ചു. അതോടെ ജോജോയും മകള്‍ നെരിയ മറിയവും ഫ്‌ലാറ്റില്‍ കുടുങ്ങിപ്പോവുകയായിരുന്നു.

ഭാര്യയെ ഫോണിലൂടെ വിവരം അറിയിച്ചിരുന്നു. മകനെ ആശുപത്രിയില്‍ നിന്ന് ഏപ്രില്‍ 17ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നുവെങ്കിലും പുറത്ത് വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നതിനാല്‍ ആശുപത്രിയില്‍ തുടരാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അടുത്ത ദിവസം ആശുപത്രി വിട്ട അവരെ അല്‍ഖാനിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. അതിനിടെ ജോജോയും മകളും മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്കു മാറുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവര്‍ വീണ്ടും ഒന്നിച്ചത്.

Exit mobile version