ശക്തമായ വടക്കുപടിഞ്ഞാറന്‍ ശീതക്കാറ്റ്; ഖത്തറില്‍ താപനില പത്ത് ഡിഗ്രി സെല്‍ഷ്യസിനും താഴെയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഇന്ന് മുതല്‍ ശനിയാഴ്ച്ച വരെ കാറ്റ് ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം

ദോഹ: ഖത്തറില്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ ശീതക്കാറ്റു മൂലം രാത്രിയില്‍ താപനില പത്ത് ഡിഗ്രി സെല്‍ഷ്യസിനും താഴെയെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് മുതല്‍ ശനിയാഴ്ച്ച വരെ കാറ്റ് ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. താപനിലയില്‍ ശരാശരി നാല് മുതല്‍ ആറ് ഡിഗ്രി വരെ താപനില കുറയാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ താപനില പത്ത് ഡിഗ്രിക്കും താഴെയെത്തുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഖത്തറില്‍ പകല്‍ സമയങ്ങളില്‍ കുറഞ്ഞ താപനില 15 ഡിഗ്രി വരെയെത്താനും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. തിരമാലകള്‍ 9 അടിവരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്ക് വടക്ക് മധ്യ ഭാഗങ്ങളില്‍ രാത്രിയും പുലര്‍ച്ചെയും കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version