അബുദാബിയിലെ കണ്ടല്‍ക്കാടുകള്‍ പൂര്‍ണ ആരോഗ്യമുള്ളവ; പരിസ്ഥിതി വകുപ്പ്

അബുദാബി: അബുദാബി തീരത്തുള്ള കണ്ടല്‍ക്കാടുകളില്‍ 80 ശതമാനവും പൂര്‍ണ ആരോഗ്യമുള്ളവയാണെന്ന് പരിസ്ഥിതി വകുപ്പിന്റെ പരിശോധനാഫലം. കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തില്‍ അബുദാബി പരിസ്ഥിതി വകുപ്പ് ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. കണ്ടല്‍ക്കാടുകള്‍ കടലോരത്തെ ജൈവവൈവിധ്യം നിലനിര്‍ത്തുന്നു എന്നതോടൊപ്പം അബുദാബിയിലെ വിനോദസഞ്ചാര രംഗത്തും നിരവധി സാധ്യതകളാണ് തുറന്നിടുന്നത്.

നിരവധി പേരാണ് കണ്ടല്‍വനങ്ങളിലൂടെ ചെറിയ തോണിയില്‍ കാഴ്ചകള്‍ കണ്ട് തുഴഞ്ഞ് പോകുന്ന വിനോദപരിപാടികള്‍ക്കായി എത്തുന്നത്. അബുദാബിയിലെ ജൈവവൈവിധ്യം നിലനിര്‍ത്തുന്നതില്‍ നിര്‍ണായകപങ്ക് വഹിക്കുന്ന കണ്ടല്‍വനങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന നടന്നതെന്ന് പരിസ്ഥിതി വകുപ്പിലെ സമുദ്ര വൈവിധ്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. ശൈഖ സലിം അല്‍ ദാഹിരി പറഞ്ഞു.

2009 മുതല്‍ 31 ലക്ഷം കണ്ടല്‍ച്ചെടികളാണ് പരിസ്ഥിതി വകുപ്പിന്റെ നേതൃത്വത്തില്‍ അബുദാബിയുടെ വിവിധ തീരങ്ങളിലായി നട്ടുപിടിപ്പിച്ചിട്ടുള്ളത്. കാലാവസ്ഥ വ്യതിയാനം, ലവണാംശം, പരിസ്ഥിതി മലിനീകരണം എന്നിവയാണ് കണ്ടല്‍ക്കാടുകള്‍ക്ക് ഭീഷണിയാകുന്നത്. പഠനം നടത്തിയത് കഴിഞ്ഞ മുപ്പത് വര്‍ഷമായുള്ള ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ്.

Exit mobile version