ചിരിച്ചുകളിച്ച് അച്ഛന്റെ കൈപിടിച്ച് സ്‌കൂള്‍ ബസില്‍ കയറുന്ന മിന്‍സ; നോവായി അവസാന വീഡിയോ

ഖത്തര്‍: പിറന്നാള്‍ ദിനത്തില്‍ ഖത്തറില്‍ സ്‌കൂള്‍ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ
മലയാളി വിദ്യാര്‍ഥിനി മിന്‍സ മറിയത്തിന്റെ അവസാന വീഡിയോ നൊമ്പരമാകുന്നു. അപകടം നടന്ന ദിവസം രാവിലെ മിന്‍സയെ പിതാവ് അവസാനമായി സ്‌കൂള്‍ ബസില്‍ കയറ്റുന്ന വീഡിയോയാണ് നോവായി മാറിയിരിക്കുന്നത്.

പിതാവ് അഭിലാഷ് ചാക്കോ നാലു വയസുകാരി മിന്‍സയെ സ്‌കൂള്‍ ബസില്‍ യറ്റുന്ന ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആ ബസില്‍ നിന്ന് ആ പിഞ്ചുമകള്‍ പിന്നീടൊരിക്കലും പുറത്തിറങ്ങിയില്ല എന്നോര്‍ക്കുമ്പോള്‍ കണ്ണീരോടെ മാത്രമേ ആര്‍ക്കും ആ വീഡിയോ കാണാനാകൂ.

കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെയും സൗമ്യ ചാക്കോയുടെയും രണ്ടു മക്കളില്‍ ഇളയവളാണ് മിന്‍സ. ഞായറാഴ്ചയായിരുന്നു നാലാം പിറന്നാള്‍. തലേദിനം രാത്രി തന്നെ പിറന്നാള്‍ ആഘോഷിച്ച അവള്‍, ഇരട്ടി സന്തോഷത്തിലായിരുന്നു അല്‍ വക്‌റയിലെ വീട്ടില്‍നിന്ന് രാവിലെ സ്‌കൂളിലേക്കു പുറപ്പെട്ടത്. സന്തോഷത്തോടെ തുള്ളിച്ചാടി പിതാവിനൊപ്പം നടക്കുന്ന മിന്‍സയാണ് വീഡിയോയില്‍.

സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ ഗാര്‍ട്ടനില്‍ കെ.ജി ഒന്നിലായിരുന്നു മിന്‍സ. സ്‌കൂളിലേക്കുള്ള യാത്രക്കിടയില്‍ ഉറങ്ങിപ്പോയ കുട്ടി ബസിനുള്ളിലുള്ളത് അറിയാതെ ഡ്രൈവര്‍ ഡോര്‍ അടച്ചു പോയി. പിന്നീട് 11.30ഓടെ ബസ് എടുക്കാനായി ജീവനക്കാരന്‍ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശേഷം ഖത്തര്‍ അധികൃതര്‍ സ്‌കൂള്‍ അടച്ചുപൂട്ടി. 10 വര്‍ഷം മുമ്പ് മറ്റൊരു ഇന്ത്യന്‍ സ്‌കൂളിലും സമാനമായ ദുരന്തത്തില്‍ മലയാളി വിദ്യാര്‍ഥിനി മരണപ്പെട്ടിരുന്നു.

Exit mobile version