എംജി ശ്രീകുമാറിന് യുഎഇ ഗോള്‍ഡന്‍ വിസ

ദുബായ്: യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് ഗായകന്‍ എംജി ശ്രീകുമാര്‍.
ദുബായ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ വകുപ്പാണ് ദീര്‍ഘകാല ഗോള്‍ഡന്‍ വിസ അനുവദിച്ചത്. ദുബായിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ചാണ് എം.ജി ശ്രീകുമാറിന്റെ വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.

വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് യുഎഇ സര്‍ക്കാര്‍ നല്‍കുന്നതാണ് ദീര്‍ഘകാലത്തേക്കുള്ള ഗോള്‍ഡന്‍ വിസ. ദുബായിലെ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇസിഎച്ഛ് സിഇഓ ഇഖ്ബാല്‍ മാര്‍ക്കോണിയും സാന്നിധ്യത്തില്‍ എംജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ദുബായിയിലെത്തിയതാണ് എംജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും.

കഴിഞ്ഞ 43 വര്‍ഷമായി പതിനൊന്നിലധികം ഇന്ത്യന്‍ ഭാഷകളിലായി 35000 പരം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അറബി ഭാഷയിലും ഗാനം ആലപിക്കാനിരിക്കുകയാണ് എംജി ശ്രീകുമാര്‍.

ഇത്തവണ മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെഎസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്റോ ജോസഫ്, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

Exit mobile version