പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ മോശം കമന്റ്‌സ്; അപമാനം സഹിക്കാനാവാതെ ലൈവില്‍ വന്ന് ആത്മഹത്യയ്‌ക്കൊരുങ്ങി; ഷാര്‍ജയില്‍ ഇന്ത്യാക്കാരിയുടെ ജീവന് രക്ഷകരായി പോലീസ്

വെള്ളിയാഴ്ച രാത്രി താന്‍ ആത്മഹത്യ ചെയ്യുമെന്നും ഇത് ലൈവ് വീഡിയോയിലൂടെ എല്ലാവര്‍ക്കും കാണാമെന്നും പെണ്‍കുട്ടി ആദ്യം പോസ്റ്റ് ചെയ്യുകയായിരുന്നു.

ഷാര്‍ജ: പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ മോശം കമന്റ്‌സ് വരുന്നതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ഒരുങ്ങിയ പെണ്‍കുട്ടിയ്ക്ക് തുണയായി ഷാര്‍ജ പോലീസ്. 20 കാരി ലൈവായി മരിക്കുമെന്നും ഇനിയും അപമാനം സഹിക്കാന്‍ ആകില്ലെന്നും പറഞ്ഞായിരുന്നു ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്ത്യാക്കാരിയാണ് പെണ്‍കുട്ടി.

അല്‍ നഹ്ദയിലെ ഫ്‌ലാറ്റിലാണ് ഷാര്‍ജ പോലീസ് സംഘം പെണ്‍കുട്ടിയെ രക്ഷിക്കാന്‍ അര്‍ധരാത്രി പാഞ്ഞെത്തിയത്. യെത്തിയത്. വെള്ളിയാഴ്ച രാത്രി താന്‍ ആത്മഹത്യ ചെയ്യുമെന്നും ഇത് ലൈവ് വീഡിയോയിലൂടെ എല്ലാവര്‍ക്കും കാണാമെന്നും പെണ്‍കുട്ടി ആദ്യം പോസ്റ്റ് ചെയ്യുകയായിരുന്നു. ദുബായ് പോലീസിന്റെ സൈബര്‍ ക്രൈം പട്രോള്‍ സംഘത്തിന്റെ ശ്രദ്ധയില്‍ ഇത് പെട്ടതോടെ ഇവര്‍ ഷാര്‍ജ പോലീസിന് വിവരം കൈമാറുകയായിരുന്നു.

സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തിയ പോലീസ് സംഘം അല്‍ നഹ്ദയിലെ ഫ്‌ലാറ്റിലെത്തി. വാതിലില്‍ മുട്ടിയപ്പോള്‍ കുട്ടിയുടെ അച്ഛനാണ് പുറത്തുവന്നത്. പോലീസിനെ കണ്ട് അമ്പരന്ന അച്ഛനോട് മകളെ രക്ഷിക്കാനാണ് തങ്ങള്‍ എത്തിയതെന്ന് അറിയിക്കുകയായിരുന്നു. ഉടനെ സംഘം അകത്തേയ്ക്ക് കടന്നപ്പോള്‍ മുറിയില്‍ ഒറ്റയ്ക്ക് ഇരുട്ടത്തിരുന്ന് ആത്മഹത്യക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു പെണ്‍കുട്ടി. പോലീസിനെ കണ്ടതോടെ സമനില തെറ്റിയെങ്കിലും തങ്ങള്‍ സഹായിക്കാനാണ് വന്നതെന്ന് അറിയിച്ച് ഉദ്ദ്യോഗസ്ഥര്‍ സമാധാനിപ്പിച്ചു. ഇതോടെ പെണ്‍കുട്ടിയും ശാന്തമായി.

കുട്ടിക്ക് ഉടന്‍ തന്നെ മാനസിക രോഗ വിദഗ്ദരുടെ സേവനം ലഭ്യമാക്കിയതായി പോലീസ് അറിയിച്ചു. ദുബായ്-ഷാര്‍ജ പോലീസ് സേനകളുടെ സഹകരണമാണ് അപകടമെന്തെങ്കിലും സംഭവിക്കുന്നതിന് മുന്‍പ് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ സഹായിച്ചതെന്ന് സിഐഡി ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഫൈസല്‍ ബിന്‍ നാസര്‍ പറഞ്ഞു. കുട്ടികളെ രക്ഷിതാക്കള്‍ ഒറ്റയ്ക്കാക്കരുതെന്നും സോഷ്യല്‍ മീഡിയയില്‍ അപരിചിതരുമായുള്ള ആശയവിനിമയം നിയന്ത്രിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version