മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ: ഏഴ് കോടിയും കാറും സ്വന്തമാക്കി മലയാളികള്‍

മസ്‌കറ്റ്: മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും
സ്വന്തമാക്കി മലയാളികള്‍. മലപ്പുറം തിരൂര്‍ സ്വദേശി മുജീബുറഹ്‌മാന് 100,000 ഡോളര്‍ ആണ് സമ്മാനം ലഭിച്ചത്. കൊല്ലം പാരിപ്പള്ളി സ്വദേശി നന്ദകുമാര്‍ നാരായണ കുറുപ്പിന് ലെക്‌സസ് കാറും ലഭിച്ചു. മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് അധികൃതര്‍ സമ്മാനം കൈമാറി.

കഴിഞ്ഞ ആഴ്ച മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ടാണ് പരിപാടി നടന്നത്. മസ്‌കറ്റ് നഗരസഭാ അധികൃതര്‍ ആണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. നഗരസഭാ അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്.

മുമ്പും മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളികള്‍ വിജയികളായിട്ടുണ്ട്. ഡ്യൂട്ടി ഫ്രീ എടുക്കുന്ന ഉപഭോക്താക്കളില്‍ 60 ശതമാനം പേരും കേരളത്തിലേക്ക് യാത്ര ചെയ്യുന്നവരാണെന്ന് അധികൃതര്‍ അറിയിച്ചു.

നറുക്കെടുപ്പില്‍ ലഭിച്ച സമ്മാന തുകയില്‍ നിന്ന് 50 ശതമാനം പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ക്കായി നീക്കിവെക്കുമെന്ന് മുജീബ് പറഞ്ഞു. ഒരു വൃദ്ധസദനം ആരംഭിക്കാന്‍ പദ്ധതിയുണ്ടന്നും അദ്ദേഹം ഏഷ്യാനെറ്റിനോട് പറഞ്ഞു.
സമ്മാന തുക നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാറ്റി വെക്കുന്നത് അഭിനന്ദിക്കേണ്ട കാര്യമാണെന്ന് മസ്‌കത്ത് ഡ്യൂട്ടി ഫ്രീ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റോബ് മാരിയറ്റ് പറഞ്ഞു.

Exit mobile version