മമ്മൂട്ടിയുടെ പിറന്നാള്‍; 70 കഴിഞ്ഞ 70 പേര്‍ക്ക് സൗജന്യ സന്ദര്‍ശന വീസ നല്‍കി മലയാളിയുടെ വേറിട്ട സമ്മാനം

ദുബായ്: പ്രിയനടന്‍ മമ്മൂട്ടിയുടെ 70-ാം ജന്മദിനത്തില്‍ അപൂര്‍വ്വ സമ്മാനമൊരുക്കി യുഎഇയിലെ മലയാളി ട്രാവല്‍ ഏജന്‍സി ഉടമ അഫി അഹമദ്. 70 വയസുകാരായ 70 മലയാളികള്‍ക്ക് ഒരു മാസത്തെ സന്ദര്‍ശക വീസ സൗജന്യമായാണ് നല്‍കിയാണ് അപൂര്‍വ്വ സമ്മാനം ഒരുക്കിയിരിക്കുന്നത്. ഷാര്‍ജ ആസ്ഥാനമായുള്ള സ്മാര്‍ട് ട്രാവല്‍സ് എംഡിയാണ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അഫി അഹമദ്. സൗജന്യ ട്രാവല്‍ ഇന്‍ഷുറന്‍സോടെയാണ് 340 ദിര്‍ഹം വരുന്ന വീസ സമ്മാനിക്കുക.

ഈ വര്‍ഷം 70 വയസ്സ് പൂര്‍ത്തിയാക്കിയവരാണെന്ന് തെളിയിക്കുന്ന പാസ്‌പോര്‍ട് കോപ്പി സഹിതമാണ് സെപ്റ്റംബര്‍ 8 യുഎഇ സമയം വൈകിട്ട് അഞ്ചിനു മുന്‍പ് അപേക്ഷിക്കേണ്ടത്. ആദ്യം അപേക്ഷിക്കുന്ന 70 പേര്‍ക്കാണ് ഈ അവസരം ലഭിക്കുക. വിമാന ടിക്കറ്റും കോവിഡ് പിസിആര്‍ പരിശോധനാ നിരക്കുകളും യാത്രക്കാരന്‍ തന്നെ വഹിക്കേണ്ടതാണ്.

ചെറുപ്പം മുതലേ മമ്മൂട്ടിയോട് ഏറെ ഇഷ്ടമാണ്. ഈ പ്രായത്തിലും ശാരീരികക്ഷമത നിലനിര്‍ത്തി സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന മലയാളത്തിന്റെ മഹാനടന് ഒരു ജന്മദിന സമ്മാനം നല്‍കുമ്പോള്‍ അത് യുഎഇയിലുള്ള പ്രിയപ്പെട്ടവരുടെ അടുത്തേയ്ക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകട്ടെ എന്നു കരുതി. മമ്മൂക്കയ്ക്കും അതായിരിക്കും ഇഷ്ടമെന്നും വിശ്വസിക്കുന്നുവെന്ന് അഫി പറഞ്ഞു.

Exit mobile version