യുഎഇയില്‍ നിന്ന് കണ്ണൂരിലേയ്ക്ക് പറക്കണമെങ്കില്‍ 40-50 ശതമാനം വരെ അധിക തുക നല്‍കണം; ആഘോഷ നാളുകളില്‍ നാട്ടിലെത്താനുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയായി നിരക്ക് വര്‍ധന!

കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ആരംഭിച്ചതോടെ നിരക്ക് കുറയുമെന്നായിരുന്നു പ്രതീക്ഷ

അബുദാബി: ശൈത്യകാല അവധിയ്ക്കായി നാട്ടിലെത്താനുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയായി നിരക്ക് വര്‍ധന. യുഎഇയില്‍ നിന്ന് കണ്ണൂരിലേക്കാണ് ഏറ്റവും അധികം നിരക്ക് വര്‍ധിപ്പിച്ചത്. ഇതാണ് പ്രവാസികള്‍ക്കും തിരിച്ചടിയാകുന്നത്. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് 40 മുതല്‍ 50 ശതമാനത്തോളം അധിക തുകയാണ് നല്‍കേണ്ടി വരുന്നത്. ക്രിസ്തുമസ്, പുതുവത്സര ദിനങ്ങളോട് അടുക്കുന്തോറും നിരക്ക് ഇനിയും വര്‍ധിക്കുമെന്നാണ് സൂചന. ഇതോടെ പ്രവാസികളും ആശങ്കയിലായി.

കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ആരംഭിച്ചതോടെ നിരക്ക് കുറയുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ ആ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി എന്നു വേണം പറയാന്‍. രണ്ടാഴ്ച മുന്‍പുണ്ടായിരുന്ന തുകയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മൂന്നിരട്ടിയാണ് വര്‍ധിപ്പിച്ചത്. യുഎഇയില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സെക്ടറുകളിലേക്ക് മറ്റ് സ്വകാര്യ എയര്‍ലൈനുകളില്‍ ഇന്നു പോയി ജനുവരി അഞ്ചിനു തിരിച്ചുവരാന്‍ ശരാശരി 1800 മുതല്‍ 2300 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍, കണ്ണൂരിലേക്ക് ഇത് 2900 മുതല്‍ 3300 വരെ നല്‍കണം. ആയിരം ദിര്‍ഹത്തിലേറെയാണ് വ്യത്യാസം.

സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് ശരാശരി 500 ദിര്‍ഹത്തിന് ടിക്കറ്റ് ലഭിച്ചിരുന്നിടത്തു നിന്നാണ് നിരക്ക് രണ്ടും മൂന്നും ഇരട്ടി വര്‍ധിപ്പിച്ച് പ്രവാസികളെ പിഴിയുന്നത്. ടിക്കറ്റ് നിരക്കു കൂട്ടുന്നതില്‍ സ്വകാര്യ, പൊതു എയര്‍ലൈനുകള്‍ മത്സരിക്കുകയാണ്. സ്വന്തം നാട്ടിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചതോടെ കുറഞ്ഞ ദിവസത്തെ അവധിക്കാണെങ്കിലും നാട്ടില്‍ പോയി വരാമെന്ന മോഹത്തിനാണ് വിമാനക്കമ്പനി മൂന്നിരട്ടി വിലയിട്ടിരിക്കുന്നത്.

Exit mobile version