നടിയെ അപമാനിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തു; യുവാവിന് യുഎഇയില്‍ 50 ലക്ഷം പിഴ വിധിച്ച് കോടതി

അബുദാബി: സോഷ്യല്‍ മീഡിയയില്‍ യുവതിയ്ക്ക് അശ്ലീല സന്ദേശമയച്ച യുവാവിന് അബുദാബി കോടതി മൂന്ന് ലക്ഷം ദിര്‍ഹം (ഏകദേശം 50 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ ശിക്ഷ വിധിച്ചു. യുഎഇ നടിയെ ആണ് ഇയാള്‍ അപമാനിച്ചത്. ഇയാള്‍ ഇന്‍സ്റ്റഗ്രാമിലും സ്‌നാപ്ചാറ്റിലും വീഡിയോയിലൂടെ പോസ്റ്റ് ചെയ്തിരുന്നു.

സൗദിയില്‍ യുവതികള്‍ക്ക് വാഹനം ഓടിക്കാനുള്ള അനുവാദം നല്‍കിയ സംഭവത്തോടുള്ള പ്രതികരണമാണ് കേസിന് ആധാരമായത്. നിരവധി സ്ത്രീകളോടൊപ്പം വാഹനം ഓടിച്ച് അതിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്ത നടിക്കാണ് ദുരനുഭവം. ഇതിനെ വിമര്‍ശിച്ചാണ് പ്രതിയായ വ്യക്തി വീഡിയോ തയ്യാറാക്കിയത്. ഇതില്‍ ഇവരുടെ ദൃശ്യങ്ങളും ഉപയോഗിച്ചിരുന്നു. തന്നെ മോശമായ പദങ്ങളുപയോഗിച്ച് വിശേഷിപ്പിച്ചുവെന്നും അപമാനിച്ചുവെന്നും കാണിച്ചാണ് നടി കോടിയെ സമീപിച്ചത്. വീഡിയോ തന്നെ മാനസികമായി തകര്‍ത്തുവെന്നും സമൂഹത്തിലെ മാന്യത ഇല്ലാതാക്കിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

കേസില്‍ വാദം പൂര്‍ത്തിയാക്കിയ ശേഷം പ്രതി മൂന്ന് ലക്ഷം ദിര്‍ഹം പിഴയടയ്ക്കണമെന്ന് വിധിക്കുകയായിരുന്നു. 21,000 ദിര്‍ഹം നഷ്ടപരിഹാരമായി സൈബര്‍ ആക്രമണത്തിനിരയായ നടിക്ക് നല്‍കണം. അപമാനകരമായി പോസ്റ്റ് ചെയ്ത വീഡിയോ ഡിലീറ്റ് ചെയ്യണമെന്നും ഇതിനെ പുറമെ രണ്ട് മാസത്തേക്ക് പ്രതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അടച്ചുപൂട്ടണമെന്നും കോടതി ഉത്തരവിലുണ്ട്.

Exit mobile version