മാധ്യമപ്രവര്‍ത്തകന്‍ കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടുവെന്ന് സൗദി സമ്മതിക്കാന്‍ ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്; പൊളിയുന്നത് ഖഷോഗ്ജി തിരിച്ചുപോയെന്ന സൗദിയുടെ വാദം

ജമാല്‍ ഖഷോഗ്ജി സൗദി കോണ്‍സുലേറ്റില്‍വെച്ച് കൊല്ലപ്പെട്ടുവെന്ന് സൗദി അറേബ്യ സമ്മതിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

വാഷിങ്ടണ്‍: ഭരണകൂട വിമര്‍ശകനായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി സൗദി കോണ്‍സുലേറ്റില്‍വെച്ച് കൊല്ലപ്പെട്ടുവെന്ന് സൗദി അറേബ്യ സമ്മതിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സിഎന്‍എന്‍ ആണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഖഷോഗ്ജി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് തയ്യാറാക്കാനായി സൗദി ഭരണകൂടം ശ്രമിക്കുന്നതായാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികവിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

റിപ്പോര്‍ട്ട് തയ്യാറാക്കികൊണ്ടിരിക്കുകയാണെന്നും ചിലപ്പോള്‍ മാറ്റം വന്നേക്കാമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. വാള്‍ സ്ട്രീറ്റ് ജേര്‍ണലും സമാനമായ വാര്‍ത്ത പുറത്തുവിടുന്നുണ്ട്.

ചോദ്യം ചെയ്യലിനിടെ ഖഷോഗ്ജി കൊല്ലപ്പെട്ടുവെന്നാണ് സൗദി നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാള്‍ വെളിപ്പെടുത്തിയതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്ടോബര്‍ രണ്ടിന് സൗദി കോണ്‍സുലേറ്റിനുള്ളില്‍ പ്രവേശിച്ചതിനു പിന്നാലെയാണ് ഖഷോഗ്ജിയെ കാണാതായത്. അദ്ദേഹം ആ കെട്ടിടത്തിനുള്ളില്‍വെച്ച് കൊല്ലപ്പെട്ടെന്ന് തുര്‍ക്കി അധികൃതര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും ഖഷോഗ്ജി കോണ്‍സുലേറ്റില്‍ നിന്നും തിരിച്ചുപോയെന്നും അതിനുശേഷമാണ് കാണാതായതെന്നുമായിരുന്നു അധികൃതര്‍ വിശദീകരിച്ചത്. അതേ അഭിപ്രായം മാധ്യമങ്ങളോട് രേഖപ്പെടുത്താനാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ശ്രമിച്ചത്.

ഖഷോഗ്ജി കോണ്‍സുലേറ്റിലെ കാര്യങ്ങള്‍ ചെയ്തശേഷം തിരിച്ചുപോയെന്നായിരുന്നു സൗദിയുടെ അവകാശവാദം. ഇതാണ് വാര്‍ത്തകള്‍ പുറത്തുവന്നതോടെ പൊളിയുന്നത്.

Exit mobile version