യുഎഇയില്‍ 2019ലേക്കുള്ള ബജറ്റിന് അംഗീകാരം

നടപ്പുവര്‍ഷത്തെക്കാള്‍ 17.3 ശതമാനം അധിക തുകയാണ് വകയിരുത്തിയിരിക്കുന്നത്. ബജറ്റ് തുകയിലേക്ക് 1710 കോടി ദിര്‍ഹം അബുദാബിയും 120 കോടി ദുബായിയും സംഭാവന ചെയ്യും

ദുബായ്: യുഎഇയില്‍ 2019 ലേക്കുള്ള ബജറ്റിന് അംഗീകാരം ലഭിച്ചു. 6,030 കോടി ദിര്‍ഹത്തില്‍ 59 ശതമാനവും വിദ്യാഭ്യാസ, സാമൂഹിക വികസനത്തിനായാണ് നീക്കിവച്ചിരിക്കുന്നത്.

നടപ്പുവര്‍ഷത്തെക്കാള്‍ 17.3 ശതമാനം അധിക തുകയാണ് വകയിരുത്തിയിരിക്കുന്നത്. ബജറ്റ് തുകയിലേക്ക് 1710 കോടി ദിര്‍ഹം അബുദാബിയും 120 കോടി ദുബായിയും സംഭാവന ചെയ്യും. 4200 കോടി ദിര്‍ഹം മറ്റു ഫെഡറല്‍ വകുപ്പുകളിലെ വരുമാനത്തില്‍നിന്നു കണ്ടെത്തും. ബജറ്റിന്റെ 42.3 ശതമാനം തുകയുംസാമൂഹിക വികസന പദ്ധതികള്‍ക്കായാണ് നീക്കിവച്ചിരിക്കുന്നത്.

സ്വദേശികളുടെ ആരോഗ്യ ഇന്‍ഷൂറന്‍സിനുള്ള കരട് നിയമം തയ്യാറാക്കിയിട്ടുണ്ടെന്നും ധന, നീതിന്യായ മന്ത്രാലയങ്ങള്‍ അംഗീകരിക്കുന്നതോടെ മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കുമെന്നും ധനകാര്യ സഹമന്ത്രി ഒബൈദ് ഹുമൈദ് അല്‍ തായര്‍ വ്യക്തമാക്കി. വിവിധ എമിറേറ്റുകളുടെ ക്ഷേമത്തിനായി 197 കോടി ദിര്‍ഹമിന്റെ അധിക തുകയ്ക്കും ഷെയ്ഖ് ഖലീഫ അംഗീകാരം നല്‍കിയിട്ടുണ്ട്.

വിദ്യാഭ്യാസ, ആരോഗ്യം, സുരക്ഷ തുടങ്ങി ദേശീയ നയമനുസരിച്ച് പദ്ധതി വിഹിതം ശരിയായ വിധം വിനിയോഗിക്കാത്ത മന്ത്രിമാരോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. ധനകാര്യ സഹമന്ത്രി ഒബൈദ് ഹുമൈദ് അല്‍ തായറുടെ സാന്നിധ്യത്തിലായിരുന്നു പദ്ധതിക്ക് അംഗീകാരം നല്‍കിയത്. രാജ്യത്തെ ഏറ്റവും വലിയ ഫെഡറല്‍ ബജറ്റിന് സെപ്റ്റംബറില്‍ യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.

Exit mobile version