സൈബര്‍ കുറ്റകൃത്യങ്ങളെ ‘പൂട്ടാന്‍’ കര്‍ക്കശ നിയമവുമായി ഗള്‍ഫ് രാജ്യങ്ങള്‍; ഇനി ജയില്‍ ശിക്ഷയ്ക്കൊപ്പം 10 ലക്ഷം ദിര്‍ഹം വരെ പിഴയും!

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ ശിക്ഷയ്ക്ക് പുറമെ രണ്ടര ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും

അബുദാബി: സാമൂഹിക മാധ്യമങ്ങളില്‍ അപമാനകരമായ സന്ദേശങ്ങള്‍ അയച്ച കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുന്നുവെന്ന് യുഎഇയില്‍ നിയമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. സന്ദേശം സ്വീകരിക്കുന്നയാളിനെ അപമാനിക്കുന്ന തരത്തിലുള്ള എന്തും സൈബര്‍ കുറ്റകൃത്യമായാണ് യുഎഇയിലെ നിയമമനുസരിച്ച് കണക്കാക്കുന്നത്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ ശിക്ഷയ്ക്ക് പുറമെ രണ്ടര ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും. പ്രതിശ്രുത വധുവിന് വാട്‌സ്ആപ് വഴി അപമാനകരമായ സന്ദേശമയച്ച യുവാവിന് കഴിഞ്ഞ ദിവസം കോടതി 60 ദിവസം തടവും 20,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചിരുന്നു. മെസേജിനൊപ്പം ‘വിഡ്ഢി’ എന്ന് അര്‍ത്ഥം വരുന്ന അറബി വാക്ക് കൂടി അയച്ചതാണ് ഇയാള്‍ക്ക് വിനയായത്. തമാശയായി കണക്കാക്കുമെന്ന് കരുതി അയച്ചതാണെങ്കിലും അത് തനിക്ക് അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടി യുവതി കോടതിയെ സമീപിക്കുകയായിരുന്നു.

നാട്ടില്‍ പോയ സമയത്ത് സ്ത്രീയ്ക്ക് അശ്ലീല വീഡിയോയും ചിത്രങ്ങളും അയച്ച കുറ്റത്തിന് മടങ്ങി വന്നയുടന്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവവും ഉണ്ടായി. നാട്ടിലേക്ക് പോകുന്നതിന് മുന്‍പ് തന്റെ ഫോണ്‍ മോഷണം പോയതാണെന്നും ആരാണ് സന്ദേശങ്ങള്‍ അയച്ചതെന്ന് അറിയില്ലെന്നുമായിരുന്നു കോടതിയില്‍ ഇയാള്‍ പറഞ്ഞത്. എന്നാല്‍ ഇത്തരം സന്ദേശങ്ങള്‍ മറ്റൊരാള്‍ക്ക് അയക്കുന്നത് അബദ്ധത്തിലാണെങ്കില്‍ പോലും ശിക്ഷ ലഭിക്കുമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.

Exit mobile version