ആറ് വയസുകാരന് പോലീസ് യൂണിഫോം കാണുമ്പോള്‍ തന്നെ പേടി; യൂണിഫോം ധരിപ്പിച്ച് നഗരംചുറ്റിച്ച് പേടിമാറ്റി കൊടുത്ത് പോലീസ്, ഒപ്പം കൈനിറയെ സമ്മാനങ്ങളും

Dubai Police | bignewslive

ദുബായ്: പോലീസ് യൂണിഫോം കാണുമ്പോള്‍ തന്നെ പേടിക്കുന്ന ആറ് വയസുകാരന്റെ പേടി മാറ്റി കൊടുത്ത് പോലീസ്. പോലീസ് യൂണിഫോം സമ്മാനങ്ങളും നല്‍കിയാണ് പേടി മാറ്റിയത്. ഒപ്പം നഗരത്തിലൂടെ ചുറ്റിച്ചുമാണ് ആറ് വയസുകാരന് പോലീസ് പേടിമാറ്റി കൊടുത്തത്.

ദുബായ് പോലീസ് ഹാപ്പിനസ് ഡിപ്പാര്‍ട്‌മെന്റ് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ കേണല്‍ അലി ഖല്‍ഫാന്‍ അല്‍ മന്‍സൂരിയാണ് ഇക്കാര്യം അറിയിച്ചത്. കുട്ടിയുടെ രക്ഷിതാക്കളാണ് പോലീസിനെ വിവരം അറിയിച്ചത്. ഇതോടെ വനിത പൊലീസുകാരിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ കുട്ടിയുടെ വീട്ടിലേക്ക് അയക്കാന്‍ തീരുമാനിച്ചു.

പേടി കൂടുതലായതിനാല്‍, കുട്ടിയെ കൈയിലെടുക്കുന്നതിന് വേഷവിധാനങ്ങളിലടക്കം മാറ്റം വരുത്തിയിരുന്നു പോലീസ് എത്തിയത്. കുട്ടി ഇണങ്ങിയതോടെ പോലീസിന്റെ ആഡംബര വാഹനത്തില്‍ നഗരം ചുറ്റി. ഇതിനുശേഷമാണ് തിരികെ വീട്ടിലെത്തിച്ചത്.

ദുബായ് പോലീസിന്റെ കമ്യൂണിറ്റി ഹാപ്പിനസ് പദ്ധതിയുടെ ഭാഗമാണിതെന്നും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പോലീസിനെ സമീപിക്കാമെന്നും അല്‍ മന്‍സൂരി പറഞ്ഞു. കുട്ടിയുടെ പേടി മാറ്റിയ പോലീസിന് രക്ഷിതാക്കളും നന്ദി അറിയിച്ച് രംഗത്തെത്തി.

Exit mobile version