ഗോ എയറും ഇന്‍ഡിഗോയും ഇന്ത്യയില്‍ നിന്ന് ഒമാനിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി

മസ്‌കറ്റ്: ഗോ എയറും ഇന്‍ഡിഗോയും ഇന്ത്യയില്‍ നിന്ന് ഒമാനിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി. ഒമാനും ഇന്ത്യയും തമ്മിലുള്ള എയര്‍ ബബിള്‍ ധാരണ പുതുക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

നാളെ മുതല്‍ ദേശീയ വിമാന കമ്പനികളായ ഒമാന്‍ എയറും സലാം എയറും എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും മാത്രമാണ് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ നടത്തുക. നവംബര്‍ 30 വരെയാണ് ഒമാനും ഇന്ത്യയും തമ്മിലുള്ള എയര്‍ ബബിള്‍ സര്‍വീസിന്റെ കാലാവധി.

ഇന്‍ഡിഗോ മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമാണ് സര്‍വീസ് നടത്തിയിരുന്നത്. ഗോ എയര്‍ കൊച്ചിയിലേക്കും കണ്ണൂരിലേക്കുമാണ് നേരിട്ടുള്ള സര്‍വീസുകള്‍ നടത്തിയിരുന്നത്. നിലവില്‍ ഒമാന്‍ എയര്‍ കൊച്ചിയിലേക്കും സലാം എയര്‍ കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുമാണ് നേരിട്ട് സര്‍വീസ് നടത്തുന്നത്. നവംബര്‍ 11 മുതല്‍ വരുന്ന യാത്രക്കാര്‍ ഒമാനിലെത്തുന്നതിന് 96 മണിക്കൂര്‍ മുമ്പ് കൊവിഡ് പരിശോധനക്ക് വിധേയമായതിന്റെ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്നും അധികൃതര്‍ അറിയിച്ചു.

Exit mobile version