ഒരു വര്‍ഷത്തേക്ക് സൗജന്യ വിമാനയാത്ര വാഗ്ദാനം ചെയ്ത് ഇന്‍ഡിഗോ, ആജീവനാന്തം സൗജന്യ യാത്രാപാസ് നല്‍കി കര്‍ണാടക; നീരജിന് സമ്മാനപ്പെരുമഴ

ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്സില്‍ പുരുഷ ജാവലിന്‍ ത്രോയില്‍ സ്വര്‍ണമണിഞ്ഞ് രാജ്യത്തിന്റെ അഭിമാന താരമായ നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും നിറയുകയാണ്.

അടുത്ത ഒരു വര്‍ഷം നീരജിന് സൗജന്യ വിമാനയാത്ര അനുവദിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍ കമ്പനി പ്രഖ്യാപിച്ചു. കഠിനാധ്വാനവും സഹിഷ്ണുതയും അഭിനിവേശവുമുണ്ടെങ്കില്‍ എന്തെല്ലാം നേടാനാകുമെന്ന് നീരജ് നമുക്ക് കാണിച്ചുതന്നു. ഭാവിയിലെ ഇന്ത്യന്‍ അത്ലറ്റുകള്‍ക്ക് നീരജ് ഒരു വഴികാട്ടിയായി മാറുമെന്ന് ഉറപ്പാണെന്നും ഇന്‍ഡിഗോ സിഇഒ റോണോജോയ് ദത്ത വ്യക്തമാക്കി.

ആജീവനാന്ത കാലം സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ നീരജിന് പ്രത്യേക ഗോള്‍ഡന്‍ പാസ് അനുവദിച്ചു. ഇതാദ്യമായാണ് ആജീവനാന്ത കാല സൗജന്യ യാത്ര നല്‍കി ഇത്തരത്തിലൊരു പാസ് കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ അനുവദിക്കുന്നത്.

രാജ്യത്തിന്റെ യശസ്സ് വാനോളമുയര്‍ത്തിയ നീരജിന് പുതിയ എക്സ്‌യു.വി 700 കാര്‍ സമ്മാനിക്കുമെന്ന് മഹീന്ദ്ര സിഇഒ ആനന്ദ് മഹീന്ദ്ര കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
നീരജിന് ആറു കോടി രൂപ സമ്മാനം നല്‍കുമെന്ന് നേരത്തെ ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ് സര്‍ക്കാര്‍ രണ്ട് കോടിയും, മണിപ്പൂര്‍ സര്‍ക്കാര്‍ ഒരുകോടിയും നീരജിന് സമ്മാനിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബിസിസിഐയും ചെന്നൈ സൂപ്പര്‍ കിങ്സും ഒരോ കോടി വീതം നല്‍കും.

Exit mobile version