മക്കയിലെ ഹറം പള്ളിയിലേയ്ക്ക് കാര്‍ ഇടിച്ചുകയറ്റി; ഒരാള്‍ അറസ്റ്റില്‍, ജനത്തിരക്ക് കുറവായത് തുണച്ചു

റിയാദ്: മക്കയിലെ മസ്ജിദുല്‍ ഹറമിലേയ്ക്ക് കാര്‍ ഇടിച്ചുകയറ്റിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കഅ്ബ ഉള്‍ക്കൊള്ളുന്ന ഹറം പള്ളിയുടെ ഒരു വാതിലിലേയ്ക്കാണ് വെള്ളിയാഴ്ച രാത്രി കാര്‍ പാഞ്ഞുകയറിയതെന്ന് സൗദി അറേബ്യയുടെ ഒദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ജനത്തിരക്ക് കുറവായതാണ് വന്‍ ദുരന്തത്തില്‍ നിന്ന് കരകയറാന്‍ ഇടയായത്.

അതേസമയം, കാറോടിച്ചിരുന്നയാളിന് മാനസിക വിഭ്രാന്തിയുള്ളതായി അധികൃതര്‍ പറയുന്നു. പള്ളിയുടെ തെക്ക് ഭാഗത്തുള്ള റോഡിലൂടെ അതിവേഗത്തില്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഹറമിന്റെ ഒരു വാതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് മക്ക റീജ്യന്‍ ഔദ്യോഗിക വക്താവ് സുല്‍ത്താന്‍ അല്‍ ദോസരി പ്രതികരിച്ചു.

വാതിലില്‍ ഇടിക്കുന്നതിന് മുമ്പ് ഒരു ബാരിക്കേഡ് തകര്‍ത്താണ് കാര്‍ മുന്നോട്ട് പാഞ്ഞെത്തിയത്. രാത്രി 10.30ഓടെയായിരുന്നു സംഭവം. കാറോടിച്ചിരുന്നത് സൗദി പൗരനാണ്. ഇയാളെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

Exit mobile version