കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവരുടെ മൂന്ന് ദിവസത്തെ ശമ്പളം മുടങ്ങും; കര്‍ശനമാക്കി യുഎഇ

അബുദാബി: യുഎഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇനി മൂന്ന് ദിവസത്തെ ശമ്പളം വെട്ടിക്കുറയ്ക്കും. കര്‍ശന നിര്‍ദേശങ്ങളുമായാണ് അധികൃതര്‍ മുന്‍പോട്ട് പോകുന്നത്. തൊഴില്‍ സ്ഥലങ്ങളിലെ കൊവിഡ് അവബോധം വര്‍ധിപ്പിക്കുന്നതിനായി ഫെഡറല്‍ അതോരിറ്റി ഫോര്‍ ഹ്യൂമണ്‍ റിസോഴ്‌സസാണ് കര്‍ശന നിലപാട് സ്വീകരിച്ചിരിക്കുന്നത്.

കൊവിഡ് വ്യാപനം ചെറുക്കുന്നതിനാവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കി. ജോലി സ്ഥലങ്ങളിലെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കാണിച്ച് എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഫെഡറല്‍ അതോരിറ്റി ഫോര്‍ ഹ്യൂമണ്‍ റിസോഴ്‌സസ് പ്രത്യേക സര്‍ക്കുലര്‍ നല്‍കി.

എല്ലാ ജീവനക്കാരും ജോലി സ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും മറ്റ് നിര്‍ദേശങ്ങള്‍ പാലിക്കണമെന്നുമാണ് പ്രത്യേകം നല്‍കിയിരിക്കുന്ന അറിയിപ്പ്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും എച്ച്ആര്‍ വിഭാഗം ഇതിനായുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കണമെന്നും അറിയിച്ചിട്ടുണ്ട്.

Exit mobile version