പിടിവിടാതെ കോവിഡ്; ഗള്‍ഫില്‍ ഏഴരലക്ഷം കവിഞ്ഞ് രോഗികള്‍

കുവൈറ്റ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഇരുപത്തിനാലു മണിക്കൂറില്‍ കോവിഡ് മരണസംഖ്യയില്‍ കുറവ് രേഖപ്പെടുത്തി. 26 മരണമാണ് പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് 19 വൈറസ് ബാധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 6342 ആയി.

സൗദി അറേബ്യയില്‍ 24 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ബഹ്‌റൈനില്‍ രണ്ടും കുവൈറ്റില്‍ ഒന്നും മരണം സ്ഥിരീകരിച്ചു. അതേസമയം, യു.എ.ഇ, ഖത്തര്‍ എന്നിവിടങ്ങളില്‍ പുതുതായി മരണം സ്ഥിരീകരിച്ചിട്ടില്ല. 3263 ആണ് പുതിയ കേസുകള്‍.

ഇതോടെ ഗള്‍ഫില്‍ രോഗികളുടെ എണ്ണം ഏഴു ലക്ഷത്തി അറുപത്തി ആറായിരം കവിഞ്ഞു. ഗള്‍ഫില്‍ മൂവായിരത്തിലേറെ പേര്‍ക്കാണ് പുതുതായി രോഗമുക്തി. അതോടെ മൊത്തം രോഗം ഭേദപ്പെട്ടവരുടെ എണ്ണം ഏഴു ലക്ഷത്തി ഏഴായിരം കടന്നു.

ലോകത്താകമാനം കോവിഡ് ശമനമില്ലാതെ വ്യാപിക്കുകയാണ്. കോടിക്കണക്കിനാളുകള്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചത്. ലക്ഷക്കണക്കിന് പേര്‍ മരിക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ വാക്‌സിനുകള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് കോവിഡ് ഭീതിയില്‍ കഴിയുന്ന ലോകജനത.

Exit mobile version