എല്ലാ മുസ്ലിം ഇതര ആരാധനാലയങ്ങളും തുറന്നുപ്രവര്‍ത്തിക്കാം; കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി അബൂദാബി

അബുദാബി: കോവിഡ് 19 വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അബൂദാബി. എമിറേറ്റിലെ എല്ലാ മുസ്ലിം ഇതര ആരാധനാലയങ്ങള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

തിങ്കളാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കടുത്ത മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുവേണം ആരാധനാലയങ്ങള്‍ തുറക്കാനെന്നും പരമാവധി ശേഷിയുടെ 30 ശതമാനം മാത്രമായിരിക്കും പ്രവേശനം അനുവദിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.

കുട്ടികള്‍ക്കും 60 വയസ് കഴിഞ്ഞവര്‍ക്കും ആരാധനാലയങ്ങളില്‍ പ്രവേശിക്കാമെന്നും അധികൃതര്‍ അറിയിച്ചു. തുടക്കത്തില്‍ ആരാധനാലയങ്ങളില്‍ കുട്ടികളേയും മുതിര്‍ന്നവരേയും പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് വിദഗ്ധര്‍ക്കിടയില്‍ അടക്കം ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം അനുമതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് കമ്മ്യൂണി ഡെവലപ്‌മെന്റ് വകുപ്പിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ മുതവ പറഞ്ഞു.

അതേസമയം, കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ഗുരുതരമായ രോഗമുള്ളവര്‍ ആരാധനാലയങ്ങളിലെത്താന്‍ പാടില്ല. തുറക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന രേഖ എല്ലാ ആരാധനാലയങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്നും മുതവ പറഞ്ഞു.

Exit mobile version