വ്യാഴാഴ്ച കൊച്ചിയില്‍ നിന്നും കുവൈത്തിലെത്തിയ നഴ്‌സുമാര്‍ക്ക് കോവിഡ്; വിമാനത്താവളത്തില്‍ കോവിഡ് പരിശോധനയില്‍ വീഴ്ച

കുവൈത്ത്‌സിറ്റി: കേരളത്തില്‍ നിന്നും വ്യാഴാഴ്ച കുവൈത്തില്‍ തിരിച്ചെത്തിയ 3 നഴ്സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അവധിക്കുശേഷം പ്രത്യേക വിമാനത്തില്‍ തിരിച്ചുപോയവര്‍ക്കാണു രോഗം. കൊച്ചിയില്‍ നിന്നും കുവൈത്ത് എയര്‍വെയ്സ് വിമാനത്തില്‍ എത്തിയ 323 ആരോഗ്യ പ്രവര്‍ത്തകരില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.

ഇവരില്‍ ഒരാള്‍ അദാന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സും മറ്റു രണ്ടുപേര്‍ സബാഹ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമാരാണ്. 3 പേരെയും ചികിത്സയ്ക്കായി ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റി. കൊച്ചിയില്‍ നിന്നും പരിശോധനയ്ക്കുശേഷമാണ് ഇവരെ കൊണ്ടുപോയത്. ഇവര്‍ക്കൊപ്പം എത്തിയ എല്ലാവരെയും ക്വാറന്റീനിലാക്കി.

കൊറോണ സ്ഥിരീകരിച്ചതില്‍ ഒരാള്‍ തിരുവല്ല മാന്നാര്‍ സ്വദേശി ആണ്.
വിമാന സര്‍വ്വീസ് നിര്‍ത്തലാക്കിയത് കാരണം അവധി കഴിഞ്ഞ് തിരിച്ചു വരാന്‍ കഴിയാതെ ഇന്ത്യയില്‍ കുടുങ്ങി കിടക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തിരിച്ചു വരുന്നതിനു കഴിഞ്ഞ ദിവസമാണ് കുവൈത്ത് സര്‍ക്കാര്‍ സൗകര്യം ഏര്‍പ്പെടുത്തിയത്.

അതേസമയം, കൊച്ചി വിമാനത്താവളത്തില്‍ കൃത്യമായ കോവിഡ് പരിശോധന നടത്തിയില്ലെന്നാണ് ആരോപണം ഉയരുന്നുണ്ട്.

Exit mobile version