പൊതുമാപ്പ് അവസാനിച്ചു; യുഎഇയില്‍ ഇന്നുമുതല്‍ കര്‍ശന പരിശോധന, അഭയം നല്‍കുന്നവര്‍ക്കെതിരെയും നടപടി

ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ അവസാനം വരെയാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് ഒരു മാസം കൂടി നീട്ടുകയായിരുന്നു

അബുദാബി: അനധികൃത താമസക്കാര്‍ക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്നലെ അവസാനിച്ചതോടെ ഇന്നുമുതല്‍ കര്‍ശന പരിശോധന തുടങ്ങും. പൊതുമാപ്പിന്റെ കാലാവധി ഇനി ദീര്‍ഘിപ്പിക്കുകയില്ലെന്നും, അനധികൃതമായി ഇനിയും രാജ്യത്ത് തങ്ങുന്നവര്‍ പിടിക്കപ്പെട്ടാല്‍ തടവും പിഴയും നാടുകടത്തലും ഉള്‍പ്പെടെ കടുത്ത ശിക്ഷ നല്‍കുമെന്നാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ അവസാനം വരെയാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് ഒരു മാസം കൂടി നീട്ടുകയായിരുന്നു.

നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവര്‍ക്ക് ജോലിയോ അഭയമോ മറ്റ് സഹായങ്ങളോ നല്‍കുന്നവര്‍ക്ക് എതിരെയും നടപടിയുണ്ടാകും. 50,000 ദിര്‍ഹം വരെ ഇവരില്‍ നിന്ന് പിഴ ഈടാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മറ്റു രാജ്യക്കാരെ അപേക്ഷിച്ച് ഇത്തവണ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാരുടെ എണ്ണം വളരെ കുറവായിരുന്നു.

യുഎഇയില്‍ തന്നെ തുടര്‍ന്ന് ജോലി അന്വേഷിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചവര്‍ക്കായി ആറ് മാസത്തെ കാലാവധിയുള്ള താല്‍ക്കാലിക വിസ അനുവദിച്ചിട്ടുണ്ട്. ഇവര്‍ക്ക് വിസ കാലാവധി പൂര്‍ത്തിയാവുന്നത് വരെ രാജ്യത്ത് തുടരാം. ഇതിനിടയില്‍ ജോലി ലഭിച്ചാല്‍ തൊഴില്‍ വിസയിലേക്ക് മാറണം. ജോലി കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഇവര്‍ക്ക് രാജ്യം വിടേണ്ടിവരും.

Exit mobile version