കേന്ദ്രാനുമതിയില്ല: യുഎഇയില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനാവില്ല; പ്രത്യേക വിമാനസര്‍വീസ് റദ്ദാക്കി

അബുദാബി: കോവിഡ്19 വൈറസ് ബാധ പടര്‍ന്നതിനെ തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി എമിറേറ്റ്‌സ് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രത്യേക വിമാനസര്‍വീസ് റദ്ദാക്കി.

ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ തുടരുന്നതിനാല്‍ അധികൃതര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് യുഎഇയില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള അവസരം നഷ്ടമാകുന്നത്. ഏപ്രില്‍ ആറു മുതല്‍ പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കുമെന്നായിരുന്നു യുഎഇ അറിയിച്ചിരുന്നത്.

അതേസമയം, ആറാം തീയ്യതി എമിറേറ്റ്‌സിന്റെ പ്രത്യേക സര്‍വീസ് ആരംഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല. ദുബായില്‍ നിന്ന് ലണ്ടന്‍, പാരീസ്, ബ്രസ്സല്‍സ്, സൂറിച്ച് എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ സര്‍വീസുകള്‍.

നേരത്തെ, കേരളത്തില്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും കൂടാതെ ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്കും സര്‍വീസ് പ്രഖ്യാപിച്ചിരുന്നു. ദുബായിക്ക് പുറത്തേക്ക് യാത്രക്കാരെ കൊണ്ടുപോകുമെങ്കിലും തിരിച്ചുവരുന്ന ഫ്ളൈറ്റുകളില്‍ യാത്രക്കാര്‍ ഉണ്ടാകില്ല.

Exit mobile version