യുഎഇ ബാങ്കുകളില്‍ നിന്ന് വന്‍ തുക വായ്പയെടുത്ത് മുങ്ങിയത് പകുതിയിലേറെയും മലയാളികള്‍!

യുഎഇ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയവരില്‍ പകുതിയിലേറെയും മലയാളികളാണെന്നാണ് റിപ്പോര്‍ട്ട്.

മുംബൈ: യുഎഇയിലെ സിവില്‍ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ ഇന്ത്യയിലും ബാധകമാവുന്നതോടെ ഒട്ടേറെ മലയാളികള്‍ കുടുങ്ങും. യുഎഇ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയവരില്‍ പകുതിയിലേറെയും മലയാളികളാണെന്നാണ് റിപ്പോര്‍ട്ട്.

ഇതില്‍ ഏറെ പേരും മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ്. ബാക്കി മറ്റുജില്ലക്കാരും. യുഎഇയിലെ 55 ബാങ്കുകളില്‍ നിന്നായി 15,000 കോടിയിലേറെ രൂപ വായ്പയെടുത്ത് ഇന്ത്യക്കാര്‍ സ്ഥലംവിട്ടതായാണ് പ്രാഥമിക കണക്കുകള്‍. ഇതോടെ യുഎഇയിലെ ബാങ്കുകള്‍ക്ക് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്.

ദുബായിലെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയവരില്‍ 70 ശതമാനം തെക്കേ ഇന്ത്യക്കാരാണ്. ഇതില്‍ 55 ശതമാനം മലയാളികളാണ്. ഇത്തരം കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് വന്‍തുക തിരിച്ചു പിടിക്കാനുള്ള ബാങ്കുകളുടെ ശ്രമങ്ങള്‍ക്ക് പുതിയ വിജ്ഞാപനത്തിലൂടെ ഇന്ത്യയിലും നിയമപരിരക്ഷ നല്‍കിയിരിക്കുന്നത്.

1999ലെ ഇന്ത്യ-യുഎഇ ഉഭയകക്ഷി കരാറിന്റെ അനുബന്ധമായി ജനുവരി 17-ന് കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം വന്നതോടെ യുഎഇ കോടതി പുറപ്പെടുവിക്കുന്ന വിധികള്‍, ഇന്ത്യന്‍ കോടതികളിലൂടെ നടപ്പാക്കാനാവുമെന്ന് ഇന്ത്യാ ലോ എല്‍എല്‍പി മാനേജിങ് പാര്‍ട്ണര്‍ കെപി ശ്രീജിത്ത് പറഞ്ഞു. ഇതുവഴി, വായ്പയെടുത്ത് മുങ്ങിയവരുടെ ഇന്ത്യയിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാനുമാവും.

യുഎഇയിലെ എമിറേറ്റ്സ് എന്‍ബിഡി, ഫസ്റ്റ് ഗള്‍ഫ് ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, നാഷണല്‍ ബാങ്ക് ഓഫ് അബുദാബി, അബുദാബി കമേഴ്സ്യല്‍ ബാങ്ക്, മഷ്റിഖ് ബാങ്ക് എന്നീ ബാങ്കുകളാണ് ഭീമമായ വായ്പ നല്‍കിയിട്ടുള്ളത്.

Exit mobile version