ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് അന്തരിച്ചു; നഷ്ടമായത് ഇന്ത്യയ്ക്കും ഏറെ പ്രിയങ്കരനായിരുന്ന ഭരണാധികാരിയെ

മസ്‌ക്കറ്റ്: ഒമാൻ ഭരണാധികാരിയായ സുൽത്താൻ ഖാബൂസ് ബിൻ സഈദ് (79) അന്തരിച്ചു. ക്യാൻസർ രോഗബാധിതനായി ഏറെ നാളായി ബെൽജിയത്തിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ മാസം അദ്ദേഹം ഒമാനിൽ തിരിച്ചെത്തിയെങ്കിലും ആരോഗ്യം പൂർണ്ണമായും വീണ്ടെടുത്തിരുന്നില്ല. ഇതിനു പിന്നാലെ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അദ്ദേഹം മരണപ്പെട്ടതെന്ന് മാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സുൽത്താണ് ഖാബൂസിന്റെ വിയോഗത്തെ തുടർന്ന് ഒമാനിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു . നാൽപത് ദിവസത്തേക്ക് ദേശീയ പതാക താഴ്ത്തി കെട്ടും. ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുൽത്താനായി 1970 ജൂലായ് 23-നാണ് സുൽത്താൻ ഖാബൂസ് ബിൻ സഈദ് അധികാരമേറ്റത്. സുൽത്താൻ അവിവാഹിതനാണ്. 50 വർഷത്തോളം ഒമാനെ പൂർണ്ണമായും ഭരിച്ച സുൽത്താനാണ് ഖാബൂസ്.

സുൽത്താൻ സഈദ് ബിൻ തൈമൂറിന്റെയും മാസൂൺ അൽ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബർ പതിനെട്ടിനാണ് സലാലയിൽ ഖാബൂസ് ജനിച്ചത്. പുണെയിലും സലാലയിലും വെച്ച് പ്രാഥമികവിദ്യാഭ്യാസം നേടി. ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശങ്കർദയാൽ ശർമ്മ അദ്ദേഹത്തിന്റെ ഗുരുവായിരുന്നു. അതുകൊണ്ടൊക്കെ തന്നെ ഇന്ത്യയുമായി അദ്ദേഹം എന്നും സവിശേഷബന്ധം പുലർത്തിപ്പോന്നിരുന്നു.

ലണ്ടനിലെ സ്റ്റാൻഡേർഡ് മിലിട്ടറി അക്കാദമിയിൽനിന്ന് ആധുനികയുദ്ധതന്ത്രങ്ങളിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം പശ്ചിമജർമനിയിലെ ഇൻഫൻട്രി ബറ്റാലിയനിൽ ഒരുവർഷം സേവനം. വീണ്ടും ലണ്ടനിലെത്തി ഭരണക്രമങ്ങളിലും രാഷ്ട്രതന്ത്രശാസ്ത്രത്തിലും ഉന്നതവിദ്യാഭ്യാസം നേടി. സുൽത്താനായി സ്ഥാനമേറ്റ ശേഷം അദ്ദേഹം ആദ്യമായി ചെയ്തത് രാജ്യത്തിന്റെ പേരുമാറ്റുകയായിരുന്നു. മസ്‌കറ്റ് ആൻഡ് ഒമാൻ എന്ന പേരുമാറ്റി സുൽത്താനേറ്റ് ഓഫ് ഒമാൻ എന്നാക്കി സ്വന്തം രാജ്യത്തെ ഉയർത്തിപ്പിടിച്ചു.

Exit mobile version