പൗരത്വ ഭേദഗതി വിവേചനപരം; അത് നടപ്പാക്കരുത്; ഇന്ത്യയുടെ പാരമ്പര്യത്തിന് എതിര്; ഇന്ത്യയോട് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബഹ്‌റൈൻ

മനാമ: ഇന്ത്യ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ നിന്നും പിൻമാറണമെന്നു ആവശ്യപ്പെട്ട് ബഹ്‌റൈൻ പ്രതിനിധി സഭ. ഇന്ത്യയുടെ പാരമ്പര്യത്തിന് യോജിക്കുന്നതല്ല ഈ നിയമമെന്നും മുസ്ലിങ്ങൾ ഒഴികെയുള്ള അഭയാർത്ഥികൾക്ക് പൗരത്വം നൽകാനുള്ള തീരുമാനം വിവേചനപരമാണെന്നും ബഹ്‌റൈൻ പ്രതിനിധി സഭ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുകയാണ്.

അതേസമയം, ഇന്ത്യയുടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ആദ്യമായാണ് ഒരു ഗൾഫ് രാജ്യം ഔദ്യോഗികമായി എതിർപ്പ് അറിയിക്കുന്നത്. ഇന്ത്യയിലെ പാർലമെന്റിനു തുല്യമായ സംവിധാനമാണ് ബഹ്‌റൈനിലെ പ്രതിനിധി സഭ. ഇന്ത്യയുടെ പൗരത്വ നിയമ ഭേദഗതി വിവേചനപരമാണെന്നും അതു നടപ്പാക്കുന്നതിൽ നിന്നു വിട്ടു നിൽക്കണമെന്നും പ്രതിനിധിസഭ പ്രസ്താവനയിൽ ആവശ്യപ്പെട്ടതോടെ ആഗോള തലത്തിൽ തന്നെ കേന്ദ്ര സർക്കാരിന് സമ്മർദ്ദമേറുമെന്ന് ഉറപ്പായിരിക്കുകയാണ്.
ഈ നിയമ ഭേദഗതി ഒരു വിഭാഗം ജനങ്ങളുടെ പൗരത്വം നഷ്ടപ്പെടുന്നതിലേക്കു നയിക്കുമോയെന്ന ആശങ്കയുണ്ടാക്കുന്നു. പൗരന്മാർക്കിടയിൽ വിവേചനം സൃഷ്ടിക്കുന്നത് രാജ്യാന്തര നിയമങ്ങൾക്കു വിരുദ്ധമാണെന്നും പ്രതിനിധി സഭയെ ഉദ്ധരിച്ചു ബഹ്‌റൈൻ ഔദ്യോഗിക വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ പൗരാണികമായ പാരമ്പര്യം സഹിഷ്ണുതയുടേതും സഹവർത്തിത്വത്തിന്റേതുമാണ്. എല്ലാ ജനവിഭാഗങ്ങളെയും തുറന്ന മനസോടെ സ്വീകരിക്കുന്ന രീതിയാണ് ഇന്ത്യയുടെ സംസ്‌കാരമെന്നും പ്രസ്താവന വ്യക്തമാക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിൽ വലിയ പ്രക്ഷോഭങ്ങൾ നടക്കുന്നതായും കൗൺസിൽ നിരീക്ഷിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിമർശനമുണ്ടെങ്കിലും ഇന്ത്യയും അറബ് രാജ്യങ്ങളുമായി നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമായി തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version