സൗദിയില്‍ ന്യൂഇയര്‍ ആഘോഷത്തിന് അനുമതിയില്ല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് അധികൃതര്‍

ആഘോഷത്തിന് അനുമതി നല്‍കി എന്ന നിലയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും അധികൃതര്‍ അറിയിച്ചു.

റിയാദ്: സൗദി അറേബ്യയില്‍ പുതുവത്സര ആഘോഷത്തിന് അനുമതിയില്ലെന്ന് വ്യക്തമാക്കി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി. ആഘോഷത്തിന് അനുമതി നല്‍കി എന്ന നിലയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും അധികൃതര്‍ അറിയിച്ചു.

വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്. റിയാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ഹുറൈംലക്ക് സമീപം മല്‍ഹമില്‍ ന്യൂ ഇയര്‍ ആഘോഷത്തിന് അനുമതി നല്‍കിയെന്ന രീതിയിലാണ് ആദ്യം വാര്‍ത്ത പ്രചരിച്ചിരുന്നത്.

എന്നാല്‍, സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു. ഇത്തരം പരിപാടികള്‍ നടത്താന്‍ പാടില്ലെന്ന് സംഘാടകരെ അറിയിച്ചിട്ടുണ്ടെന്നും വിഷയം ഗവര്‍ണറേറ്റിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു.

Exit mobile version