ഒരു ദിര്‍ഹം പോലും മുടക്കാതെ അബുദാബിയില്‍ എത്തി; കൈവന്നത് 10 ലക്ഷം ദിര്‍ഹം, അപൂര്‍വ്വ നേട്ടത്തില്‍ മലപ്പുറം സ്വദേശി

അപൂര്‍വ്വ നേട്ടത്തിന്റെ അമ്പരപ്പില്‍ നിന്നും അഫ്‌സല്‍ ഇനിയും മുക്തമായിട്ടില്ല.

അബുദാബി: ഒരു ദിര്‍ഹം പോലും മുടക്കാതെ അബുദാബിയില്‍ എത്തിയ മലപ്പുറം വെങ്ങര സ്വദേശി അഫ്‌സല്‍ ചെമ്പന് ലഭിച്ചത് 10 ലക്ഷം ദിര്‍ഹം. എകദേശം 1.94കോടി രൂപ സമ്മാനം ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ അബുദാബി രാജ്യാന്തര വിമാനത്താവളം നടത്തിയ ഫീല്‍ ഗുഡ് ഫ്‌ളൈ എയുഎച്ച് ക്യാംപെയിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലാണ് അഫ്‌സിലനെ തേടിയെത്തിയത്.

കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ അബുദാബി എയര്‍പോര്‍ട്‌സ് സിഇഒ ബ്രയാന്‍ തോംസണില്‍ നിന്ന് പത്തു ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് അഫ്‌സല്‍ ഏറ്റുവാങ്ങുകയും ചെയ്തു. അപൂര്‍വ്വ നേട്ടത്തിന്റെ അമ്പരപ്പില്‍ നിന്നും അഫ്‌സല്‍ ഇനിയും മുക്തമായിട്ടില്ല.

യുഎഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോകിലെ ഡിസ്ട്രിബ്യൂഷന്‍ വിഭാഗത്തിലെ ജീവനക്കാരനാണ് അഫ്‌സല്‍. അപ്രതീക്ഷിതമെന്നാണ് അഫ്‌സല്‍ ഇതിനെ കുറിച്ച് പറഞ്ഞത്. ഒരു യാത്രയിലൂടെ ഇത്ര വലിയ സമ്മാനം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് അഫ്‌സല്‍ പറയുന്നു. സമ്മാനത്തുക എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version