ലിഷോ കോഫി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു; ‘ശരീരഭാരം കുറയ്ക്കുന്ന കോഫി’യ്‌ക്കെതിരെ അബുദാബി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

അബുദാബി: ശരീരഭാരം കുറയ്ക്കുമെന്ന പ്രചാരണത്തോടെ വില്‍ക്കുന്ന കോഫിയ്‌ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി യുഎഇ ആരോഗ്യ വകുപ്പ്. ‘ലിഷോ സ്ലിമ്മിങ് 3 ഇന്‍ 1 ഇന്‍സ്റ്റന്റ് കോഫി’ക്കെതിരെയാണ് അബുദാബി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ലിഷോ കോഫിയുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നും അവയില്‍ ശരീരത്തിന് ഹാനികരമായ നിരോധിത വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അവയുടെ ഉപയോഗം ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. ഇതടക്കം ശരീര ഭാരം കുറയ്ക്കാനെന്ന പേരില്‍ 444 വ്യാജ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ലിഷോ കോഫി ഉല്‍പ്പന്നങ്ങള്‍ക്ക് യുഎഇയില്‍ നിയമപ്രകാരം വില്‍ക്കാനുള്ള ലൈസന്‍സില്ല. മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അവ അറിയിക്കണം. ശരീരഭാരം കുറയ്ക്കാനെന്ന പേരില്‍ വിറ്റഴിക്കുന്ന വ്യാജ ഉല്‍പ്പന്നങ്ങളും യുഎഇ ആരോഗ്യ മന്ത്രാലയവും എഫ്ഡിഎ പോലുള്ള അന്താരാഷ്ട്ര ഏജന്‍സികളും നിരോധിച്ചവയാണെന്നും അധികൃതര്‍ അറിയിച്ചു.

Exit mobile version