സോഷ്യല്‍മീഡിയയ്ക്ക് പെരുമാറ്റച്ചട്ടം ബാധകമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാഷ്ട്രീയപരമായ പരസ്യങ്ങളും പ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിന് മുന്‍കൂര്‍ അനുമതി തേടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍മീഡിയയ്ക്ക് പെരുമാറ്റച്ചട്ടം ബാധകമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഷ്ട്രീയപരമായ പരസ്യങ്ങളും പ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിന് മുന്‍കൂര്‍ അനുമതി തേടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കുവയ്ക്കുന്ന മുഴുവന്‍ പരസ്യങ്ങളും പരിശോധിക്കണം. നിയമവിരുദ്ധമായ പരസ്യങ്ങളും മറ്റും ശ്രദ്ധയില്‍പെട്ടാല്‍ സൈറ്റുകളില്‍ നിന്ന് ഉടന്‍ മാറ്റണമെന്നും ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇത്തരം പരസ്യങ്ങളുമായി ബന്ധപ്പെട്ട പരാതി സ്വീകരിക്കുന്നതിനായി ഗ്രീവന്‍സ് ഓഫീസറെ നിയമിച്ചിട്ടുണ്ട്.

സോഷ്യല്‍മീഡിയയിലെ പരസ്യങ്ങള്‍ക്കും പ്രചരണത്തിനും പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ചെലവാക്കുന്ന തുക തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയില്‍ ഉള്‍പ്പെടുത്തും. സോഷ്യല്‍മീഡിയയിലെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. വ്യോമസേന വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ ചിത്രങ്ങള്‍ പ്രൊഫൈല്‍ പിക്ച്ചറായോ പോസ്റ്ററുകളിലോ പതിപ്പിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

Exit mobile version