മേയറുടെ കത്ത് വ്യാജമെന്ന് ക്രൈംബ്രാഞ്ച്; വ്യാജരേഖ ചമയ്ക്കലിനു കേസെടുക്കും

കത്ത് വിഷയത്തില്‍ എന്തു ചെയ്തു എന്നു സര്‍ക്കാരിനോടു ഹൈക്കോടതി ചോദിച്ച സാഹചര്യത്തിലാണ് ഉടനെ കേസെടുക്കാനുള്ള നീക്കം.

mayor--arya

തിരുവനന്തപുരം: കോര്‍പറേഷനിലെ കരാര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ പുറത്തുവന്ന കത്ത് വ്യാജമെന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. വ്യാജരേഖ ചമയ്ക്കലിനു കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് എസ്പി ഉടന്‍ ഡിജിപിക്ക് ശുപാര്‍ശ നല്‍കും.

കത്ത് വ്യാജമാണെന്ന മേയറുടെയും, കത്ത് കണ്ടിട്ടില്ലെന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും മൊഴി വിശ്വാസത്തിലെടുത്താണു ക്രൈംബ്രാഞ്ച് നടപടി. കത്ത് വിഷയത്തില്‍ എന്തു ചെയ്തു എന്നു സര്‍ക്കാരിനോടു ഹൈക്കോടതി ചോദിച്ച സാഹചര്യത്തിലാണ് ഉടനെ കേസെടുക്കാനുള്ള നീക്കം.

also read : ഖത്തര്‍ ലോകകപ്പ്; ബ്രസീല്‍ കിരീടം നേടുമെന്ന് സര്‍വ്വേഫലം; യോഗ്യത നേടിയ ടീമുകളും ഗ്രൂപ്പുകളും അറിയാം

അതേസമയം, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ മൊഴി ക്രൈംബ്രാഞ്ച് ഫോണിലൂടെ രേഖപ്പെടുത്തിയത് വിവാദത്തിലായിരുന്നു. ഫോണിലൂടെ നടത്തിയ സംഭാഷണം മൊഴിയായി കണക്കാക്കി ക്രൈംബ്രാഞ്ച് മേധാവിക്കു റിപ്പോര്‍ട്ട് നല്‍കുമെന്നായിരുന്നു തിരുവനന്തപുരം യൂണിറ്റ് എസ്പി എസ്. മധുസൂദനന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ആര്യയുടെ കത്തു കണ്ടിട്ടില്ലെന്നും കത്തിനെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു ആനാവൂരിന്റെ ഫോണ്‍ മൊഴി. ജില്ലാ സെക്രട്ടറിയുടെ മൊഴിയെടുക്കുന്നതില്‍ ക്രൈംബ്രാഞ്ച് ഉരുണ്ടുകളിച്ചത് ദുരൂഹത വര്‍ധിപ്പിച്ചിരുന്നു. ആര്യ രാജേന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍, കോര്‍പറേഷനിലെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍.അനില്‍ എന്നിവരുടെ മൊഴി വിജിലന്‍സും കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.

മേയറുടെ കത്തിന്റെ ഉറവിടവും പ്രചരിപ്പിച്ചവരെയും നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടെത്താന്‍ കേരള പോലീസിന്റെ സൈബര്‍ ഡോമില്‍ സംവിധാനമുണ്ട്. അവിടെ പരാതിയും കേസുമില്ലാതെ ഏതു വിഷയത്തിലും ഉടന്‍ ഉറവിടം കണ്ടെത്താം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റിടുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നത് അപ്രകാരമാണ്.

ഏറെ പ്രാധാന്യമുള്ള കേസായിട്ടും വിവാദ കത്തിന്റെ പകര്‍പ്പും മറ്റും ഇതുവരെ സൈബര്‍ ഡോമിനു കൈമാറിയിരുന്നില്ല. അന്വേഷണത്തിന്റെ ഭാഗമായി ഇത് ആദ്യം തന്നെ കൈമാറേണ്ടിയിരുന്നെങ്കിലും ഉന്നതതല ഇടപെടലിനെത്തുടര്‍ന്ന് അതു ചെയ്തിട്ടില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.

Exit mobile version