രാഷട്രീയത്തില്‍ തരംഗം സൃഷ്ടിക്കാന്‍ അഞ്ജലീന ജോളി

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നെങ്കില്‍ ഈ ചോദ്യത്തെ ചിരിച്ചു തള്ളിയേനെ എന്നും എന്നാല്‍ ഇന്ന് തനിക്കിഷ്ടമുള്ളതൊക്കെ ചെയ്യാന്‍ തയ്യാറാണെന്നും അഞ്ജലീന പറഞ്ഞു

ലണ്ടന്‍: ഹോളിവുഡ് താരം അഞ്ജലീന ജോളി രാഷ്ട്രീയത്തിലേക്ക് കടക്കാനൊരുങ്ങുന്നതായി സൂചന. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ നല്‍കിയത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നെങ്കില്‍ ഈ ചോദ്യത്തെ ചിരിച്ചു തള്ളിയേനെ എന്നും എന്നാല്‍ ഇന്ന് തനിക്കിഷ്ടമുള്ളതൊക്കെ ചെയ്യാന്‍ തയ്യാറാണെന്നും അഞ്ജലീന പറഞ്ഞു. സര്‍ക്കാരുമായും സൈന്യവുമായും ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നും അവര്‍ അറിയിച്ചു. ’20 വര്‍ഷം മുന്‍പായിരുന്നെങ്കില്‍ രാഷ്ട്രീയത്തില്‍ വരുമോ എന്ന ചോദ്യം ഞാന്‍ കയ്യോടെ തള്ളിക്കളഞ്ഞേനെ, ഇപ്പോള്‍ അതല്ല അവസ്ഥ’ എന്നായിരുന്നു അഭിമുഖത്തിനിടെ നടിയുടെ വാക്കുകള്‍.

ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ജോളിക്കും സാദ്ധ്യതയുണ്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. ഐക്യരാഷ്ട്രസഭ അഭയാര്‍ത്ഥി ഏജന്‍സിയുടെ പ്രത്യേക സ്ഥാനപതിയാണ് നിലവില്‍ അഞ്ജലീന. അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍, ലൈംഗികാധിക്ഷേപം, അമേരിക്കന്‍ രാഷ്ട്രീയം, സൈബര്‍ ആക്രമണം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങി വിവിധ വിഷയങ്ങളില്‍ ജോളി നിലപാട് വ്യക്തമാക്കി. ഒട്ടേറെ സാമൂഹ്യ സേവനങ്ങളില്‍ ഇപ്പോള്‍ തന്നെ നടി ഏറെ സജീവമാണ്. തന്നെ ആവശ്യമുള്ളിടത്ത് പോകുമെന്നും നടി കൂട്ടിച്ചേര്‍ത്തു.

Exit mobile version