അച്ഛനെ കാണാന്‍ അനുവദിക്കണമെന്ന് ബിനീഷ് : പറ്റില്ലെന്ന് ഇഡി

ബെംഗളുരു : അര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള അച്ഛന്‍ കൊടിയേരി ബാലകൃഷ്ണനെ കാണാന്‍ അനുവദിക്കണമെന്ന ബിനീഷിന്റെ അപേക്ഷ ഇഡി എതിര്‍ത്തു.
ഗുരുതരാവസ്ഥയിലുള്ള അച്ഛനെ കാണാന്‍ കേരളത്തിലേക്ക് അയച്ചുകൂടേയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ഹൈക്കോടതി ചോദിച്ചെങ്കിലും വേണ്ട എന്നായിരുന്നു ഇഡിയുടെ ഉത്തരം.
തെളിവ് നശിപ്പിക്കുന്നതിനും സാക്ഷികളെ സ്വാധീനിക്കുന്നതിനും കേരളത്തിലേക്കുള്ള യാത്രയ്ക്ക് സാധ്യത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഇഡി അഭിഭാഷകനും അഡീഷനല്‍ സോളിസിറ്റര്‍ ജനറലുമായ എസ്.വി രാജു അപേക്ഷ എതിര്‍ത്തു.
ലഹരിമരുന്ന് ഇടപാടുമായി ബന്ധമുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയായ ബിനീഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം.പിതാവിനെ സന്ദര്‍ശിക്കാന്‍ ഒരാഴ്ച ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കണമെന്ന് കോടതി മുമ്പാകെ ബിനീഷ് അപേക്ഷിച്ചെങ്കിലും ഇഡി വഴങ്ങിയില്ല.
ഇതേത്തുടര്‍ന്ന് ഹര്‍ജി 12ന് പരിഗണിക്കാനായി മാറ്റി. നേരത്തേ രണ്ട് തവണയും ബിനീഷിന്റെ ജാമ്യാപേക്ഷ ഇഡി പ്രത്യേക കോടതി തളളിയിരുന്നു.ഒക്ടോബര്‍ 29ന് അറസ്റ്റിലായ ബിനീഷ് നിലവില്‍ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ്.

Exit mobile version