മജിസ്റ്റീരിയൽ അധികാരം നൽകാനിറങ്ങിപ്പുറപ്പെട്ട അതേ പോലീസിനെ മുഖ്യമന്ത്രിയ്ക്ക് തള്ളിപ്പറയേണ്ടി വരുമ്പോൾ

പോലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കമ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് അധികാരത്തിലെത്തുന്ന പാര്‍ട്ടിക്ക് മജിസ്റ്റീരിയല്‍ അധികാരം നല്‍കലാണ്

പോലീസ് ആസ്ഥാനത്ത് നടന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞ ചില കാര്യങ്ങളാണ് കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞു നിന്നത്. ശബരിമല സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിലുൾപ്പടെ പോലീസിനു വീഴ്ചപറ്റിയെന്നും ചില ഉദ്യോഗസ്ഥർ ശബരിമലയിൽനിന്നുള്ള വിവരങ്ങൾ മതതീവ്രവാദ സംഘങ്ങൾക്കു ചോർത്തി നൽകിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. വിവരങ്ങൾ ചോർന്നത് ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനു സർക്കാരിന് തടസ്സുമണ്ടാക്കിയെന്ന വിമർശനവും മുഖ്യമന്ത്രി ഉന്നയിച്ചു. സമീപകാലത്ത് സർക്കാരിനെയും പോലീസിനെയും പ്രതിരോധത്തിലാക്കിയ മൂന്നാംമുറയെയും പിണറായി വിജയൻ വിമർശിച്ചു.

സ്വാഭാവികമായും ഇതിൽ പോലീസ് ഉദ്യോഗസ്ഥർ ശബരിമലയിൽ നിന്നുള്ള വിവരങ്ങൾ മതതീവ്രവാദ സംഘങ്ങൾക്ക് ചോർത്തി നൽകിയന്ന ഭാഗത്തിനാണ് പ്രാധാന്യം ലഭിച്ചത്. ശബരിമല വിഷയത്തിൽ പോലീസ് ആർഎസ്എസിന്റെ ഒറ്റുകാരായി പ്രവർത്തിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞതായി തലക്കെട്ടുകൾ വന്നു. മനീതി സംഘം വന്നപ്പോൾ പോലീസ് ഉദ്യോഗസ്ഥർ നാറാണത്തു ഭ്രാന്തനെപ്പോലെ പെരുമാറിയെന്നും ഉന്നത ഉദ്യോഗസ്ഥർ ഉത്തരവാദിത്വത്തിൽ നിന്ന് മാറിനിന്നുവെന്നുമൊക്കെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞതായി വാർത്തകൾ വന്നു.

അതിനു ശേഷം നവോത്ഥാന മൂല്യസംരക്ഷണ സമിതി യോഗത്തിൽ താൻ പറഞ്ഞതായി വന്ന വാർത്തയിലെ ചില ഭാഗങ്ങൾ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. ‘കഴിഞ്ഞദിവസംനടന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പോലീസുകാർ ആർഎസ്എസിന്റെ ഒറ്റുകാരാണെന്ന് ഞാൻ പറഞ്ഞെന്നത് ശുദ്ധകളവാണ്. പോലീസ് ആർഎസ്എസിന്റെ ഒറ്റുകാരാണെന്ന് ആരെങ്കിലും പറയുമോ. മാധ്യമവാർത്തകളുടെ പിന്നാലെ പോയാൽ വിഷമത്തിലാകും. പോലീസിന്റെ പ്രവർത്തനങ്ങളിലെ നേട്ടങ്ങളും കോട്ടങ്ങളും മുഖ്യമന്ത്രിയെന്ന നിലയിൽ യോഗത്തിൽ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. അത് മുഖ്യമന്ത്രി എന്ന നിലയിൽ എന്റെ ഉത്തരവാദിത്വമാണ്’ ഇതായിരുന്നു നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്.

ഇതിൽ ആർഎസ്എസിന്റെ ഒറ്റുകാരാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും പോലീസിനെ താൻ വിമർശിച്ചുവെന്ന വാർത്തയിലെ മർമപ്രധാനമായ ഭാഗം നിഷേധിക്കാൻ മുഖ്യമന്ത്രി പോലും തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അവിടെ നിൽക്കുമ്പോഴാണ് പോലീസിന് മജിസ്റ്റീരിയൽ അധികാരം നൽകണമെന്ന പിണറായി വിജയന്റെയും സിപിഎമ്മിന്റെയും നിലപാട് ഒന്നുകൂടി ചർച്ച ചെയ്യേണ്ടി വരുന്നത്. പോലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്നതിന് വേണ്ടിയുള്ള നീക്കം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുകയും മുന്നണിയ്ക്കകത്തു നിന്നും പാർട്ടിക്കകത്തു നിന്നുമൊക്കെ എതിർപ്പ് വിളിച്ചു വരുത്തിയ ആ നീക്കം പിന്നീട് സമവായമുണ്ടാക്കി പരിഗണിക്കാമെന്ന ധാരണയിൽ മാറ്റിവെക്കുകയും ചെയ്തിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ. അതിനകം തന്നെ മുഖ്യമന്ത്രിക്ക് പോലീസിനെ തള്ളിപ്പറയേണ്ടിവരുമ്പോൾ ആ മജിസ്റ്റീരിയൽ അധികാരത്തെപ്പറ്റി സംസാരിക്കാതിരിക്കുന്നതെങ്ങനെയാണ്.

ആർഎസ്എസിന്റെ ഒറ്റുകാർ എന്നു വിളിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ മുഖവിലക്കെടുത്താൽ തന്നെ, ശബരിമല വിഷയത്തിൽ പോലീസിന് തെറ്റുപറ്റിയെന്ന വിമർശനം ഇല്ലാതാവുന്നില്ല. അക്കാര്യം പറഞ്ഞതായി മുഖ്യമന്ത്രിയും ഏറെക്കുറെ സമ്മതിക്കുന്നുണ്ട്. പോലീസിനു പറ്റിയ വീഴ്ചകൾ ചൂണ്ടിക്കാണിച്ചുവെന്നും അത് ചെയ്യേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. പ്രതികളെ മർദിക്കുന്നതു ഹരമായി ചില പോലീസുകാർ ഇപ്പോഴും കാണുന്നുണ്ടെന്നും അത്തരക്കാർക്കെതിരേ കടുത്ത നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും യോഗത്തിൽ പറഞ്ഞതായുള്ള വാർത്തകൾ മുഖ്യമന്ത്രി നിഷേധിച്ചിട്ടുമില്ല.

അവിടെയാണ് ഈ പോലീസിനാണോ മജിസ്റ്റീരിയൽ അധികാരം നൽകേണ്ടതെന്ന വിഎസ് അച്യുതാനന്ദന്റെ ചോദ്യം പ്രസക്തമാവുന്നത്. എന്തുകൊണ്ടാണ് മജിസ്റ്റീരിയൽ അധികാരം നൽകാനുദ്ദേശിച്ച് തയ്യാറാക്കിയ കടലാസു കെട്ടുകൾ പൂർണമായി മടക്കി ഒതുക്കി എടുത്തു വെച്ചു കഴിയുന്നതിന് മുൻപു തന്നെ അതേ പോലീസിനെ മുഖ്യമന്ത്രിക്ക് വിമർശിക്കേണ്ടി വരുന്നത്. അതിനുത്തരം പോലീസിനെ സംബന്ധിച്ച കമ്യൂണിസ്റ്റ് പാർട്ടികളുടെ നേരത്തെ തന്നെയുള്ള വിലയിരുത്തലാണ്. ഭരണകൂടത്തിന്റെ മർദ്ദന ഉപകരണമാണ് പോലീസ്. മജിസ്റ്റീരിയൽ അധികാരം സംബന്ധിച്ച് സിപിഎം – സിപിഐ തർക്കം നടക്കുമ്പോൾ കാനം രാജേന്ദ്രൻ ഈ കമ്യൂണിസ്റ്റ് കാഴ്ചപ്പാട് വീണ്ടും ഉദ്ധരിച്ചിരുന്നു.

മർദ്ദനോപകരണമായി ഭരണകൂടം ഉപയോഗപ്പെടുത്തുന്ന പോലീസ് സംവിധാത്തിന്റെ ഭാഗമായി നിൽക്കുന്ന ഉദ്യോഗസ്ഥർ മുന്നിലെത്തുന്ന ഓരോ വിഷയത്തിലും തങ്ങളുടെ അധികാരം സാമാന്യ ജനങ്ങൾക്കുമേൽ പ്രയോഗിക്കുന്നതു കൊണ്ടാണ് മുഖ്യമന്ത്രിയ്ക്ക് അവരെ തിരുത്തേണ്ടി വരുന്നത്.

പോലീസ് ഭരണകൂടത്തിന്റെ മർദ്ദന ഉപകരണമാവുന്നതെങ്ങനെയെന്ന് വിശദീകരിക്കാൻ സിപിഎം പഠനക്ലാസുകളിൽ ഏറ്റവും കൂടുതൽ ഉദാഹരിക്കപ്പെട്ടിട്ടുള്ളയാൾ ഒരുപക്ഷേ പിണറായി വിജയനായിരിക്കും. അടിയന്തരാവസ്ഥക്കാലത്ത് പോലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതിന്റെ അനുഭവം നിയമസഭയിൽ വിവരിച്ച യുവ എംഎൽഎ പിണറായി വിജയൻ. പോലീസ് ഭീകരതയെപ്പറ്റി പൊതു സമൂഹത്തോട് വിവരിക്കാൻ എന്തായാലും സിപിഎം ആ ബിംബം ഒരുപാടുപയോഗിച്ചിട്ടുണ്ട്. ഇന്നും പ്രസക്തമാണെന്നതു കൊണ്ടു തന്നെ അത് ഇനിയും ഒരുപാട് ഉപയോഗിക്കപ്പെടുകയും ചെയ്യും.

അടിയന്തരാവസ്ഥ പോലുള്ള കാലങ്ങളിൽ ഭരണകൂടം പോലീസിനെ ഇങ്ങനെ ഉപയോഗിക്കുന്നതു മാത്രമല്ല, പോലീസിനെ അതാതു കാലത്തെ ഭരണ കക്ഷികൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതു കൂടി പരിഗണിക്കണം. ഓരോ കാലഘട്ടത്തിലും മാറി മാറി വരുന്ന ഭരണ കക്ഷികൾ തങ്ങൾക്കിഷ്ടപ്പെട്ടവരെയാണ് മറ്റെല്ലാ വകുപ്പുകളിലുമെന്നതുപോലെ പോലീസിലും തലപ്പത്ത് നിയമിക്കാറുള്ളത്. പോലീസിന്റെ തലപ്പത്തെ നിയമനത്തെപ്പറ്റി നിലവിലുള്ള സർക്കാരും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും സുപ്രീം കോടതിയിലുൾപ്പെടെ സ്വീകരിച്ച നിലപാട് എല്ലാവർക്കും അറിയുന്നതുമാണല്ലോ. അതായത് പോലീസിന് മജിസ്റ്റീരിയൽ അധികാരം നൽകമ്പോൾ യഥാർത്ഥത്തിൽ സംഭവിക്കുന്നത് അധികാരത്തിലെത്തുന്ന പാർട്ടിക്ക് മജിസ്റ്റീരിയൽ അധികാരം നൽകലാണ്. സിപിഎം അധികാരത്തിലിരിക്കുമ്പോൾ സിപിഎമ്മിന് അതിൽ വലിയ പ്രശ്നം തോന്നാനിടയില്ല. പക്ഷേ അതെങ്ങനെ സ്ഥായിയായി നിൽക്കുമെന്നുറപ്പൊന്നുമില്ലല്ലോ.

എതിരാളികൾ അധികാരത്തിൽ വന്ന് സിൽബന്ധികളായ ഉദ്യോഗസ്ഥരെക്കൊണ്ട് മജിസ്റ്റീരിയൽ അധികാരം നടപ്പിലാക്കുമ്പോൾ വീണ്ടും ലോക്കപ്പ് മർദ്ദനമേൽക്കേണ്ടി വരുന്ന പിണറായി വിജയന്മാരെക്കുറിച്ച് ഒന്നോർത്തു നോക്കൂ. അതിനു പുറമെ ഇപ്പോഴത്തെപ്പോലെ സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ പോലീസ് സ്റ്റേഷൻ തലത്തിലുള്ളവർ മജിസ്റ്റീരിയൽ അധികാരം കൂടി പ്രയോഗിച്ച് നീതി നടപ്പാക്കുന്നത് ആലോചിച്ച് നോക്കൂ. അതുകൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, ഇപ്പോൾ അങ്ങ് തന്നെ നടത്തിയ വിമർശനങ്ങളുടെ പശ്ചാത്തലത്തിലെങ്കിലും ചെയ്യേണ്ടത്, സമവായമുണ്ടാക്കി പിന്നീട് നടപ്പാക്കുമെന്ന് പറഞ്ഞ് അങ്ങ് തൽക്കാലം മടക്കിവെച്ച ആ മജിസ്റ്റീരിയൽ അധികാരക്കടലാസ് ഇനി തുറക്കില്ലെന്ന് ഉറപ്പു വരുത്തുകയാണ്.

Exit mobile version