രാജ്യസഭ പിടിക്കാന്‍ ജനാധിപത്യത്തെ തല്ലിക്കൊല്ലുമ്പോള്‍

ഭരണഘടനാ സ്ഥാപനങ്ങള്‍ ഇത്ര നഗ്നമായി ജനാധിത്യ മര്യാദകളും തത്വങ്ങളും ലംഘിച്ച ഒരു കാലമുണ്ടായിട്ടില്ല

നമ്മുടെ ഭരണഘടനയ്ക്ക് രൂപം നല്‍കിയവര്‍ എത്രമാത്രം ധിഷണാ ശാലികളും ദീര്‍ഘ ദര്‍ശികളുമാണെന്ന് ആരും പറയാതെത്തന്നെ ബോധ്യപ്പെട്ട അഞ്ചു വര്‍ഷങ്ങളിലൂടെയാണ് നാം കടന്നു പോയത്. ഇപ്പോള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതും അതേ കാലത്തിലൂടെയാണ്. ഊതവീര്‍പ്പിച്ചുണ്ടാക്കിയ പ്രതിഛായ ചവിട്ടുപടിയാക്കി അധികാരത്തിലേക്ക് നടന്നു കയറാന്‍ പണമെറിഞ്ഞ കോര്‍പ്പറേറ്റുകളോടല്ലാതെ മറ്റാരോടും ഒരു പ്രതിബദ്ധതയുമില്ലാത്തവര്‍ കൊണ്ടു വന്ന നിരവധി ജനദ്രോഹ ബില്ലുകള്‍ നിയമമാവാതിരുന്നത് നമ്മുടെ ഭരണഘടനയുടെ പ്രത്യേകത ഒന്നു കൊണ്ട് മാത്രമായിരുന്നു. ലോകത്തെല്ലായിടത്തും ഫാസിസ്റ്റുകളുടെ മുഖമുദ്രയായ വംശീയ വിദ്വേഷത്തില്‍ ഊന്നിയ ബില്ലുകള്‍ക്കും നിയമത്തിന്റെ മുഖം ലഭിക്കാതെ തടഞ്ഞത് അതേ ഭരണഘടനയാണ്.

നാനാത്വത്തില്‍ ഏകത്വം മുഖമുദ്രയാക്കിയ, ഫെഡറല്‍ ഘടനയില്‍ നിലനില്‍ക്കുന്ന രാജ്യത്ത് ഏകാധിപത്യ ഭരണം ഉണ്ടാവാതിരിക്കാനാണ് സസ്ഥാനങ്ങളുടെ പ്രതിനിധി സഭയെന്ന നിലയില്‍ രാജ്യസഭ വിഭാവനം ചെയ്തതും ബില്ലുകള്‍ നിയമമാവണമെങ്കില്‍ രാജ്യസഭയുടെ അനുമതി കൂടി വേണമെന്ന് ഭരണഘടന നിഷ്‌കര്‍ഷിച്ചിട്ടുള്ളതും. അപ്പോള്‍ പൊതുതെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായ ഒരു ജനവികാരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം അഞ്ചു വര്‍ഷം രാജ്യത്തെ നിയമങ്ങള്‍ നിര്‍ണയിക്കപ്പെടുന്ന സ്ഥിതിയുണ്ടാവില്ല. വ്യത്യസ്ത സംസ്‌കാരങ്ങളും ഭാഷകളും ജീവിതരീതീകളുമൊക്കെ നിലനില്‍ക്കുന്ന സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വഭാവത്തിന്റെ പ്രാതിനിധ്യം കൂടി നിയമനിര്‍മാണ പ്രക്രിയയില്‍ ഉണ്ടാവും. അതുകൊണ്ടു തന്നെ ഒന്നാം നരേന്ദ്രമോഡി സര്‍ക്കാര്‍ കൊണ്ടു വന്ന നിരവധി ബില്ലുകളാണ് ആ സഭയുടെ ചുമരുകളില്‍ തട്ടി താഴെ വീണത്.

ലോക്‌സഭയില്‍ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ടും വിചാരിച്ച എല്ലാ ബില്ലുകളും സര്‍ക്കാരിന് പാസ്സാക്കിയെടുക്കാന്‍ കഴിയാതിരുന്നത് രാജ്യസഭയില്‍ പ്രതിപക്ഷം കൃത്യമായ പ്രതിരോധം തീര്‍ത്തതു കൊണ്ടാണ്. ചിലബില്ലുകള്‍ ധനകാര്യ ബില്ലുകളായി സര്‍ക്കാര്‍ ഒളിച്ചു കടത്തുകയും ചെയ്തിട്ടുണ്ട്. രണ്ടാം മോഡി സര്‍ക്കാരും ഇതേ പ്രതിസന്ധിയിലാണ്. ലോക്‌സഭയില്‍ ബി ജെ പിയ്ക്ക് ഒറ്റക്ക് തന്നെ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ എന്‍ ഡി എ സഖ്യത്തിന് പോലും ഭൂരിപക്ഷമില്ല. രണ്ടാം മോഡി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 87 സീറ്റാണ് എന്‍ ഡി എയ്ക്ക് രാജ്യസഭയിലുണ്ടായിരുന്നത്. ഭൂരിപക്ഷത്തിന് 126 സീറ്റുവേണം. 2020 ഓടെ ഈ മാന്ത്രിക സംഖ്യയിലേക്ക് എന്‍.ഡി.എ. എത്തുമെന്നാണ് വിലയിരുത്തല്‍. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. നേടിയ വിജയം രാജ്യസഭയിലെ അംഗത്വത്തിലും പടിപടിയായി പ്രതിഫലിക്കും. ബി.ജെ.പി.ക്ക് വന്‍ ഭൂരിപക്ഷമുള്ള ഉത്തര്‍പ്രദേശില്‍ മാത്രം 2020-ല്‍ പത്തുസീറ്റുകള്‍ ഒഴിവുവരും. പക്ഷേ ഇനി നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലങ്ങളെക്കൂടി ആശ്രയിച്ചായിരിക്കും അത് തീരുമാനിക്കപ്പെടുക.

ഭൂരിപക്ഷം ലഭിക്കുന്നതുവരെ ബി ജെ പിയും നരേന്ദ്രമോഡിയും എങ്ങനെയാണ് അവരുടെ അജണ്ട നടപ്പാക്കുക. നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഫലം വിപരീതമാണെങ്കില്‍ രാജ്യസഭയില്‍ ഭൂരിപക്ഷം കിട്ടാതിരുന്നാലോ. അതിനും ചില വഴികള്‍ കണ്ടിട്ടുണ്ട് ബി ജെ പി. അതിലൊരു വഴിയിലൂടെയാണ് ഒരാഴ്ച മുമ്പ് രാജ്യസഭയിലെ നാല് ടി ഡി പി അംഗങ്ങള്‍ ബി ജെ പി അംഗങ്ങളായി മാറിയത്. ടി ഡി പിയ്ക്ക് ആറ് അംഗങ്ങളാണ് രാജ്യസഭയിലുണ്ടായിരുന്നത്. അതില്‍ നിന്ന് നാലു പേര്‍ മാറിയതു കൊണ്ട് കൂറുമാറ്റ നിരോധന നിയമത്തില്‍ കുടുങ്ങില്ല. ടി ഡി പിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ബി ജെ പിയില്‍ ലയിച്ചതായേ കൂറുമാറ്റ നിരോധന നിയമത്തിലെ ചട്ടമനുസരിച്ച് കണക്കാക്കൂ.

വൈ എസ് ചൗധരി, സി എം രമേഷ്, ഗരികപതി മോഹന്‍ റാവു, ടി ജി വെങ്കിടേഷ് എന്നീ എം പിമാരാണ് ബി ജെ പിയില്‍ ചേര്‍ന്നത്. ഇതില്‍ വൈ എസ് ചൗധരി, സി എം രമേഷ് എന്നിവരെ കഴിഞ്ഞ വര്‍ഷം വരെ ബി ജെ പി വിശേഷിപിച്ചിരുന്നത് ആന്ധ്രാ മല്യമാര്‍ എന്നാണെന്നതാണ് ഇതില്‍ ഏറ്റവും രസകരമായ കാര്യം. ഇരുവരും കോടിക്കണക്കിന് രൂപയുടെ കള്ളംപ്പണം വെളുപ്പിക്കല്‍ കേസിലും നിരവധി അഴിമതിക്കേസുകളിലും പ്രതികളാണെന്നും അതിനാല്‍ ഇവരുടെ സഭാംഗത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബി ജെ പി നേതാവ് ജി വി എല്‍ നരസിഹറാവു എം പി രാജ്യസഭാ എത്തിക്‌സ് കമ്മിറ്റിക്ക് പരാതി നല്‍കിയിട്ടുമുണ്ട്. ലെറ്റര്‍പാഡില്‍ നല്‍കിയ ആ പരാതി ഇപ്പോഴും രാജ്യസഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പിലുണ്ട്. അതായത് എത്തിക്‌സ് എന്നു പറഞ്ഞാല്‍ ബി ജെ പിയ്ക്ക് ഇത്രയൊക്കെയേ ഉള്ളൂ എന്നര്‍ത്ഥം. ഏതു വിധേനയും രാജ്യസഭയില്‍ ഭൂരിപക്ഷം നേടാനുള്ള ശ്രമങ്ങള്‍ക്ക് മുന്‍പില്‍ എത്തിക്‌സുമില്ല, ഒരു മണ്ണാങ്കട്ടയുമില്ല.

അതിനു പുറമെയാണ് ഗുജറാത്തില്‍ ഒരുമിച്ച് ഒഴിവു വന്ന രണ്ടു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരേ ദിവസം രണ്ടു തെരഞ്ഞെടുപ്പുകളായി നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതിനായി വിചിത്ര വിജ്ഞാപനമിറക്കിയത്. വിവിധ സംസ്ഥാനങ്ങളില്‍ അടുത്തടുത്ത് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനുണ്ടെങ്കില്‍ എല്ലാം ഒരുമിച്ച് നടത്തുന്ന അതേ കമ്മീഷനാണ് എന്നോര്‍ക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് മോഡിക്കും അമിത്ഷായ്ക്കും എതിരെ വന്ന എല്ലാ പരാതികളിലും ക്ലീന്‍ ചിറ്റ് നല്‍കുകയും ബാക്കി എല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കുകയും ചെയ്ത ആ കമ്മീഷന്‍ എന്തിനാണ് ഈ വിജ്ഞാപനമിറക്കിയത് എന്ന് ചിന്തിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. രണ്ടു സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടന്നാല്‍ ഒന്ന് പ്രതിപക്ഷത്തിന് ലഭിക്കും. വേറെ വേറെ ആവുമ്പോള്‍ രണ്ടും ഭരണ കക്ഷിയായ ബി ജെ പിയ്ക്കാണല്ലോ ലഭിക്കുക. ചാക്കിട്ടു പിടിച്ച് സീറ്റു കൂട്ടുന്നതിനൊപ്പം ഉള്ള സീറ്റ് കുറയാതെയും നോക്കണമല്ലോ.

ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്ന ന്യായമാണ് രസകരം. അമിത്ഷായും സ്മൃതി ഇറാനിയും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് തെരഞ്ഞടുപ്പ് നടക്കുന്നത്. ഗാന്ധിനഗറിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരു ദിവസം കഴിഞ്ഞാണ് അമേത്തിയിലേത് പ്രഖ്യാപിച്ചത്. അതിനാലാണ് രാജ്യഭാ തെരഞ്ഞെടുപ്പ് രണ്ടായി നടത്തുന്നതെന്ന്. അങ്ങനെയാണെങ്കില്‍ ഇനി മുതല്‍ ഒരു സംസ്ഥാനത്ത് രണ്ടോ മൂന്നോ രാജ്യസഭാംഗങ്ങള്‍ വിരമിക്കുമ്പോള്‍ ഭരണ കക്ഷി പിന്തുണയ്ക്കുന്നവരാണെങ്കില്‍ അവരെക്കൊണ്ട് വേറെ വേറെ ദിവസങ്ങളില്‍ രാജി വെപ്പിച്ചാല്‍ പോരേ. ഭരണകക്ഷിക്ക് എല്ലാ സീറ്റുകളും പിടിക്കാം. അതിനുള്ള കീഴ് വഴക്കമല്ലേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കുന്നത്. ബി ജെ പിയല്ലാത്ത പാര്‍ട്ടികള്‍ക്ക് കമ്മീഷന്‍ ഈ വേറെ വേറെ തെരഞ്ഞെടുപ്പെന്ന സൗകര്യം ഒരുക്കിക്കൊടുക്കുമോ.

എന്തായാലും സുപ്രീം കോടതി ഇതിനെതിരെയുള്ള ഹര്‍ജി തള്ളിയോടെ തെരഞ്ഞെടുപ്പ് അങ്ങനെ തന്നെ നടക്കുമെന്ന് ഉറപ്പായി. തെരഞ്ഞെടുപ്പ് പരാതിയായി വേണമെങ്കില്‍ കമ്മീഷനെ സമീപിക്കാമെന്നാണ് സുപ്രീം കോടതി പറയുന്നത്. ഈ കമ്മീഷനെ തന്നെ വേണ്ടേ സമീപിക്കാന്‍. ഭരണഘടനാ സ്ഥാപനങ്ങള്‍ ഇത്ര നഗ്നമായി ജനാധിത്യ മര്യാദകളും തത്വങ്ങളും ലംഘിച്ച ഒരു കാലമുണ്ടായിട്ടില്ല. ഇന്ത്യ പോലൊരു രാജ്യത്ത് ഇത് സംഭവിക്കുമെന്ന് നമ്മളാരും പ്രതീക്ഷിച്ചിട്ടുമില്ല. അതായത്, ഫാസിസം എല്ലാ മേഖലകളും പിടിച്ചടക്കി അധികാരം സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു. നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളെല്ലാം നോക്കുകുത്തികളായി മാറിക്കഴിഞ്ഞിരിക്കുന്നു. ജനാധിപത്യത്തെ സംരക്ഷിച്ചു നിര്‍ത്തിയിരുന്ന ഭരണഘടന ചീന്തിയെറിയപ്പെട്ടിരിക്കുന്നു. കൊല്ലാക്കൊല ചെയ്യപ്പെടുന്ന ജനാധിപത്യത്തിന്റെ നിലവിളിയാണ് ഇപ്പോള്‍ നമ്മള്‍ കേട്ടു കൊണ്ടിരിക്കുന്നത്.

Exit mobile version