ഗോമൂത്ര – ചാണക സിദ്ധാന്തങ്ങള്‍ ഇന്ത്യന്‍ ജുഡീഷ്യറിയും അംഗീകരിച്ചോ?

കോടതിയെ വഞ്ചിച്ചാണ് പ്രഗ്യാ സിങ്ങ് ജാമ്യം നേടിയതെന്നും അതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അവരെ വിലക്കണമെന്നും ആവശ്യപ്പെട്ട് സ്‌ഫോടനത്തില്‍ മരിച്ചയാളുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ബാബറി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കുന്നുവെന്ന് പറയുന്നയാളുമായ പ്രഗ്യാ സിങ്ങ് ഠാക്കൂറാണ് ഭോപ്പാലില്‍ ബി ജെ പിയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി. സന്യാസിനിയെന്ന് സ്വയം അവകാശപ്പെടുന്ന പ്രഗ്യാ സിങ്ങ് ബി ജെ പി സ്ഥാനാര്‍ത്ഥിയായതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അതു തന്നെയാണ് ബി ജെ പി. മലേഗാവ് സ്‌ഫോടനം നടത്തിയത് ഞങ്ങളല്ലെന്ന് സ്ഥാപിക്കാനല്ല, അത് നടത്തിയത് ഞങ്ങള്‍ തന്നെയാണെന്ന് ഉറപ്പിച്ച് പറയാനാണ് ബി ജെ പി ശ്രമിക്കുക. അത് ആ പാര്‍ട്ടിയും അതിനെ നിയന്ത്രിക്കുന്ന സംഘ്പരിവാറും മുന്നോട്ടു വെക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണ്. സ്‌ഫോടനത്തിലെ പങ്കാളിത്തം നിഷേധിക്കുന്നതിനേക്കാള്‍ അതിലെ പങ്കാളിത്തം ഉറപ്പിച്ച് അതിലൂടെ കിട്ടുന്ന വര്‍ഗീയ – വംശീയ വോട്ടുകള്‍ നേടാനാവും ബി ജെ പി ശ്രമിക്കുക.

മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി അസീമാനന്ദ ജയിലില്‍ കഴിയവെ മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന കലീം എന്ന യുവാവിന്റെ പെരുമാറ്റത്തില്‍ ആകൃഷ്ടനായി മജിസ്‌ട്രേറ്റിന് മുന്നില്‍ കുറ്റസമ്മത മൊഴി നല്‍കിയതുകൊണ്ടാണ് ഈ സംഭവത്തിലെ പ്രഗ്യാ സിങ്ങിന്റെ പങ്ക് പുറത്തുവന്നതും അവര്‍ പ്രതിയായതും. വിഷയം അതല്ല. ബി ജെ പിയുടെ വര്‍ഗീയ സ്വഭാവവുമല്ല. അതില്‍ പുതുമയോ ആരെയും അത്ഭുതപ്പെടുത്തുന്ന ഘടകങ്ങളോ ഒന്നുമില്ലല്ലോ. ഇവിടെ ചര്‍ച്ച ചെയ്യുന്നത് ഇന്ത്യന്‍ ജുഡീഷ്യറിയെക്കുറിച്ചാണ്.

മാലേഗാവ് സ്‌ഫോടനക്കേസിലെ പങ്ക് പുറത്തായതിനെത്തുടര്‍ന്ന ജയിലില്‍ പോകേണ്ടി വന്ന പ്രഗ്യാ സിങ്ങ് ഇപ്പോള്‍ പുറത്തിറങ്ങി നടക്കുന്നതും ബി ജെ പി സ്ഥാനാര്‍ത്ഥിയായി പ്രചാരണം നടത്തുന്നതും ഇന്ത്യന്‍ ജുഡീഷ്യറി ജാമ്യം അനുവദിച്ചതു കൊണ്ടാണ്.

2017 ഏപ്രിലിലാണ് ബോംബെ ഹൈക്കോടതി മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രഗ്യാ സിങ്ങ് ഠാക്കൂറിന് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ബ്രെസ്റ്റ് കാന്‍സര്‍ ബാധിതയാണെന്നും അന്ന് പ്രവേശിപ്പിക്കപ്പെട്ട ആയുര്‍വേദ ആശുപത്രിയില്‍ അതിനാവശ്യമായ ചികിത്സ കിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അന്ന് കോടതി ജാമ്യം അനുവദിച്ചത്. അന്ന് പുറത്തിറങ്ങിയ പ്രഗ്യാ സിങ്ങ് ഠാക്കൂര്‍ പക്ഷേ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണ്. ബ്രെസ്റ്റ് ക്യാന്‍സര്‍ ചികിത്സയിലൂടെ ഭേദമാക്കാന്‍ കഴിയുന്ന അസുഖമായതിനാല്‍ അത് മാറിയതാണെന്ന് വാദത്തിനു വേണ്ടി സമ്മതിക്കാം. പക്ഷേ അങ്ങനെയാണെങ്കിലും അതിന്റെ ചികിത്സാ രേഖകളും ആശുപത്രി രേഖകളുമൊക്കെ കാണുമല്ലോ.

പക്ഷേ സ്ഥാനാര്‍ത്ഥിയായതിനു ശേഷം ഇക്കാര്യം വിവാദമായപ്പോള്‍ പ്രഗ്യാസിങ്ങ് പറഞ്ഞത് ഗോമൂത്രവും പഞ്ചഗവ്യവും ചേര്‍ത്തുള്ള ചികിത്സയിലൂടെ തന്റെ അസുഖം മാറിയെന്നാണ്. ഗോമൂത്രത്തില്‍ നിന്ന് സ്വര്‍ണവും ചാണകത്തില്‍ നിന്ന് യുറേനിയവുമൊക്കെ ഉണ്ടാക്കുന്ന സംഘപരിവാര്‍ തീയറികള്‍ നിലനില്‍ക്കുന്നതു കൊണ്ട് ഇതിലും അത്ഭുതപ്പെടാനൊന്നുമില്ല. എന്നാല്‍, ഗോമൂത്രം കൊണ്ട് ക്യാന്‍സര്‍ ഭേദമാക്കാനാവുമെങ്കില്‍ ആയുര്‍വേദ ആശുപത്രിയിലെ ചികിത്സ കൊണ്ട് ക്യാന്‍സര്‍ മാറ്റാനാവില്ലെന്ന് പറഞ്ഞ് കോടതി ജാമ്യം അനുവദിക്കേണ്ട ആവശ്യമെന്തായിരുന്നു എന്ന ചോദ്യം ബാക്കിയാവുന്നു.

കോടതിയെ വഞ്ചിച്ചാണ് പ്രഗ്യാ സിങ്ങ് ജാമ്യം നേടിയതെന്നും അതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അവരെ വിലക്കണമെന്നും ആവശ്യപ്പെട്ട് സ്‌ഫോടനത്തില്‍ മരിച്ചയാളുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഒരാളെ തടയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജയിലില്‍ കിടക്കുന്ന ആളുകള്‍ക്കു പോലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനവസരമുണ്ടെന്നിരിക്കെ ഇക്കാര്യത്തില്‍ കോടതിയുടെ നിരീക്ഷണം ശരിയുമായിരിക്കാം. പക്ഷേ കോടതി വ്യക്തമാക്കേണ്ട മറ്റു ചില കാര്യങ്ങള്‍ ഈ വിഷയത്തിലുണ്ട്.

പ്രഗ്യാ സിങ്ങിന് ക്യാന്‍സര്‍ എന്നല്ല കാര്യമായ ഒരസുഖവുമുണ്ടായിരുന്നില്ലെന്നാണ് അവരെ പരിശോധിച്ച മുംബൈ ജെ ജെ ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ടി പി ലഹാനെ മാധ്യമങ്ങളോട് പറഞ്ഞത്. അങ്ങനെയെങ്കില്‍ എന്ത് രേഖ പരിശോധിച്ചാണ് പ്രഗ്യാ സിങ്ങിന് ജാമ്യമനുവദിച്ചതെന്ന് കോടതി വ്യക്തമാക്കേണ്ടതല്ലേ? അഥവാ കോടതി വ്യക്തമായ രേഖയുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചതെങ്കില്‍ ആ രേഖ തയ്യാറാക്കിയവര്‍ക്കെതിരെ സ്വമേധയാ നടപടിയെടുക്കേണ്ടതല്ലേ? അവര്‍ക്ക് ഒരസുഖവുമില്ല എന്ന് ബോധ്യമായാല്‍ കോടതിയെ വഞ്ചിച്ചതിന് പിടിച്ച് അകത്തിടേണ്ടതല്ലേ? അങ്ങനെയൊക്കെ നടക്കണമെന്നാണ് ഇന്ത്യന്‍ ജുഡീഷ്യറിയില്‍ വിശ്വാസമുള്ളവര്‍ ആഗ്രഹിക്കുന്നത്. അതല്ല, ഇനി സംഘപരിവാറിന്റെ ഗോമൂത്ര – ചാണക സിദ്ധാന്തങ്ങള്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ അടിസ്ഥാന നിയമഗ്രന്ഥങ്ങള്‍ സൂക്ഷിക്കുന്ന അലമാരകളില്‍ എവിടെയെങ്കിലും സ്ഥാനം പിടിച്ചു കഴിഞ്ഞിട്ടുണ്ടായിരിക്കുമോ?

Exit mobile version