അടിക്കുന്നത് ശിവസേനയാണെങ്കില്‍പ്പോലും ഈ ഗോളുകള്‍ കാണാനൊരു രസമുണ്ട്

അമിത്ഷാ ഫാന്‍സ് അസോസിയേഷന്‍ ഇപ്പോള്‍ മഹാരാഷ്ട്രയില്‍ അമിത് ഷാ ഇടപെട്ടിട്ടേയില്ല എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ്

ഓപ്പറേഷന്‍ താമര എന്ന ഓമനപ്പേരിട്ട് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും അധികാരം പിടിക്കാന്‍ ജനാധിപത്യ മര്യാദകള്‍ പരസ്യമായിത്തന്നെ ലംഘിക്കുന്നതില്‍ യാതൊരുമടിയുമില്ലാതെ അട്ടിമറികളും കുതിരക്കച്ചവടവും നടത്തുന്ന ബിജെപി, സ്വന്തം സഖ്യം ഭൂരിപക്ഷം നേടിയിട്ടും സര്‍ക്കാരുണ്ടാക്കാന്‍ കഴിയാതെ വിളറി വെളുത്ത് നില്‍ക്കുന്ന മനോഹരമായ കാഴ്ച ഇന്ത്യയിലെ ജനങ്ങള്‍ക്ക് സമ്മാനിച്ചത് മഹാരാഷ്ട്രയെന്ന സംസ്ഥാനമാണ്. മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തി മഹാരാഷ്ട്രയില്‍ വേരോട്ടമുണ്ടാക്കിയ ശിവസേനയാണ് മറ്റൊരു സംസ്ഥാനത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പോലും കഴിയാത്ത രൂപത്തില്‍ ബിജെപിയെന്ന ഇന്ത്യയിലെ ഇപ്പോഴത്തെ രാഷ്ട്രീയ ഭീമനെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്.

വിഷയം ഭൂരിപക്ഷ വര്‍ഗീയവാദം ഉയര്‍ത്തി ഇന്ത്യയില്‍ വേരോട്ടമുണ്ടാക്കിയ കക്ഷിയും മറാത്തവാദം ഉയര്‍ത്തി മഹാരാഷ്ട്രയില്‍ വേരോട്ടമുണ്ടാക്കിയ കക്ഷിയും തമ്മിലുള്ള അധികാരത്തര്‍ക്കമാണെങ്കിലും ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധപക്ഷത്തിനും ജനാധിപത്യ വിശ്വാസികള്‍ക്കും ബിജെപിയുടെ ഈ നില്‍പ് കാണുമ്പോള്‍ ആഹ്ലാദം തോന്നുന്നതിന് കാരണങ്ങളേറെയുണ്ട്. ആ കാരണം ബിജെപി ഉണ്ടാക്കിയതു തന്നെയാണ്. വര്‍ഗീയ രാഷ്ട്രീയം ഇളക്കിവിട്ട് രാജ്യത്തിന്റെ മുക്കിലും മൂലയിലും ജനങ്ങളെ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ നേടി ഇന്ത്യയിലെ രാഷ്ട്രീയ അധികാരം കൈപ്പിടിയിലൊതുക്കിയത് മാത്രമല്ല അതിന്റെ കാരണം. ജനാധിപത്യത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ച് സംസ്ഥാനങ്ങളിലെ ബിജെപി ഇതര മന്ത്രിസഭകളെ മറിച്ചിട്ട് അധികാരം പിടിച്ചെടുക്കാന്‍ സമീപ കാലത്ത് നടത്തിയ ശ്രമങ്ങളാണ് അതിന്റെ പ്രധാന കാരണം.

കര്‍ണാടകയായിരുന്നു അടുത്തകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപിയുടെ ഏറ്റവും മലീമസമായ രാഷ്ട്രീയ പരീക്ഷണത്തിന് വേദിയായ സംസ്ഥാനം. അധാര്‍മികവും ജനാധിപത്യ വിരുദ്ധവുമായ നീക്കത്തിലൂടെ കുതിരക്കച്ചവടം നടത്തിയാണ് എംഎല്‍എമാരെ കൂറുമാറ്റി ബിജെപി ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ മറിച്ചിട്ടത്. തുടര്‍ന്ന് യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റെടുത്തു. അധികാരമുണ്ടായിട്ടും ഗോവയിലും സമാനമായ കളി കളിച്ച് കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു. രാജ്യസഭയില്‍ ടിഡിപിയുടെ എംഎല്‍എമാരെ വിലയ്ക്കു വാങ്ങി ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ലയിപ്പിച്ചു. ഹരിയാനയില്‍ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം കിട്ടിയില്ലെങ്കിലും എതിരെ മത്സരിച്ച ജെജെപിയെ ചാക്കിട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കി. പിന്തുണ നല്‍കിയതിന് തൊട്ടു പിറകെ ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലയുടെ പിതാവിന് തീഹാര്‍ ജയിലില്‍ നിന്ന് പരോള്‍ ലഭിക്കുന്ന അത്ഭുതവും സംഭവിച്ചു.

കര്‍ണാടകയിലാവട്ടെ ബിജെപി വ്യക്തമായ കുതിരക്കച്ചവടം നടത്തിയതിന്റെ തെളിവുകള്‍ ഓരോ ദിവസവും ഓരോന്നെന്ന രീതിയില്‍ പുറത്തു വരികയാണ്. ആദ്യം പുറത്തു വന്നത് മുഖ്യമന്ത്രി യെദിയൂരപ്പയുടെ ശബ്ദരേഖയാണ്. കര്‍ണാടകയില്‍ നിന്ന് കോണ്‍ഗ്രസ് ജെഡിഎസ് വിമത എംഎല്‍എമാരെ കൂറുമാറ്റി മുംബെയിലെ ഹോട്ടലില്‍ കൊണ്ടുപോയി താമസിപ്പിച്ചത് ബിജെപി ദേശീയ അദ്ധ്യക്ഷനും രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയുമായ അമിത്ഷായുടെ അറിവോടെയാണെന്നാണ് ഒരു പാര്‍ട്ടി യോഗത്തിലെ പ്രസംഗത്തില്‍ യെദിയൂരപ്പ പറഞ്ഞത്. അതായത് ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ പണമൊഴുക്കി അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ഇന്ത്യയുടെ ആഭ്യന്തരമന്ത്രി തന്നെയാണെന്ന്. ആ ശബ്ദരേഖയുടെ ആധികാരികത യെദിയൂരപ്പ നിഷേധിച്ചിട്ടില്ല. ഒരു പാര്‍ട്ടി യോഗത്തില്‍ പാര്‍ട്ടി താല്‍പര്യമനുസരിച്ച് നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖയാണെന്നു മാത്രമാണ് യെദിയൂരപ്പയുടെ പ്രതികരണം.

അതിനു ശേഷമാണ് കര്‍ണാടകയില്‍ കുമാര സ്വാമി സര്‍ക്കാരിനെതിരെ വോട്ട് ചെയ്ത് സര്‍ക്കാരിനെ വീഴത്താന്‍ യെദിയൂരപ്പ ആയിരം കോടി രൂപ നല്‍കിയെന്ന് അയോഗ്യനാക്കപ്പെട്ട മുന്‍ എംഎല്‍എ വെളിപ്പെടുത്തിയത്. കൃഷ്ണരാജ്പേട്ട് മുന്‍ എംഎല്‍എ നാരായണ ഗൗഡയുടേതാണ് വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയാവാന്‍ സഹായിക്കണമെന്ന് യെദിയൂരപ്പ അഭ്യര്‍ത്ഥിച്ചപ്പോള്‍ താന്‍ എഴുനൂറ് കോടി ആവശ്യപ്പെട്ടെന്നും യെദിയൂരപ്പ ആയിരം കോടി നല്‍കിയെന്നുമാണ് നാരായണ ഗൗഡയുടെ പറഞ്ഞത്. ഇത് മണ്ഡലത്തിന്റെ വികസനത്തിനായി ചെലവഴിച്ച് വരികയാണെന്നാണ് നാരായണ ഗൗഡയുടെ അവകാശവാദം. ഇത് ഒരു മുന്‍ എംഎല്‍എ മാത്രം വെളിപ്പെടുത്തുന്നതാണ്. അപ്പോള്‍ 17 എംഎല്‍മാര്‍ കൂറുമാറാന്‍ എത്രമാത്രം പണം ഒഴുക്കിയിട്ടുണ്ടാവും.

കള്ളപ്പണത്തിനെതിരെ ശക്തമായ നടപടിയെന്നവകാശപ്പെട്ട് പി ചിദംബരത്തെയും ഡികെ ശിവകുമാറിനെയുമൊക്കെ ബിജെപി സര്‍ക്കാരിനു കീഴിലുള്ള അന്വേഷണ ഏജന്‍സികള്‍ അറസ്റ്റു ചെയ്ത് ജയിലിലിടുമ്പോഴാണ് നാരായണ ഗൗഡയുടെ വെളിപ്പെടുത്തല്‍ എന്നത് ശ്രദ്ധേയമാണ്. പി ചിദംബരവും ഡികെ ശിവകുമാറുമൊക്കെ കള്ളപ്പണക്കേസില്‍ കുറ്റവാളികളാണെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. പക്ഷേ ഇവിടെ ഓര്‍ക്കേണ്ട കാര്യം അവര്‍ ബിജെപിയ്‌ക്കെതിരെ ശക്തമായ രാഷ്ട്രീയ നിലപാടെടുത്ത് നിന്ന ഘട്ടത്തില്‍ മാത്രമാണ് അറസ്റ്റുണ്ടായത് എന്നതാണ്. ഡികെ ശിവകുമാറാവട്ടെ കര്‍ണാടകയിലെ ബിജെപിയുടെ കുതിരക്കച്ചവട രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്നയാളുമാണ്.

മുന്‍ എംഎല്‍എ നാരായണ ഗൗഡയുടെ വെളിപ്പെടുത്തലനുസരിച്ച് ചിദംബരവും ഡികെ ശിവകുമാറുമൊക്കെ ചെയ്തതിനേക്കാള്‍ വലിയ കുറ്റമാണ് യെദിയൂരപ്പയും നാരായണ ഗൗഡയും മറ്റു എംഎല്‍എമാരുമൊക്കെ ചെയ്തിരിക്കുന്നത്. ഇനി മറ്റ് എംഎല്‍എമാര്‍ ഇല്ലെങ്കിലും നാരായണ ഗൗഡയ്ക്കു മാത്രം ആയിരം കോടിയുടെ കള്ളപ്പണം നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. അതാണ് മണ്ഡലത്തിന്റെ വികസനത്തിന് വേണ്ടി താന്‍ ചെലവഴിച്ച കൊണ്ടിരിക്കുകയാണെന്ന് ഒരാള്‍ സ്വയം സമ്മതിച്ചിരിക്കുന്നത്. ഇത്രയും വലിയ തെളിവുണ്ടായിട്ടുമെന്താണ് കള്ളപ്പണത്തിനെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളെന്താണ് യെദിയൂരപ്പയെയും നാരായണ ഗൗഡയെയും ഒന്നു തൊടുക പോലും ചെയ്യാത്തത്. അപ്പോള്‍ ജനാധിപത്യത്തെ അട്ടിമറിച്ച് രാഷ്ട്രീയ അധികാരം പിടിക്കാന്‍ കള്ളപ്പണം മാത്രം മാത്രമല്ല, അഝികാരത്തിന്റെ ബലത്തില്‍ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെക്കൂടി ഉപയോഗപ്പെടുത്തുകയാണ് ബിജെപി.

ലോക്‌സഭയ്ക്കു പുറമെ രാജ്യസഭയിലും ഭൂരിപക്ഷമുണ്ടാക്കുന്നതിനും രാജ്യത്തിന്റെ ഫെഡറല്‍ ഘടനയും വൈവിധ്യവുമൊക്കെ തകര്‍ത്തെറിഞ്ഞ് സംസ്ഥാനങ്ങളിലാകെയും ആധിപത്യം സ്ഥാപിക്കുന്നതിനും വേണ്ടിയുള്ള ഫാസിസ്റ്റ് തന്ത്രത്തിന്റെ ഭാഗമായാണ് ബിജെപി ഈ കളിയൊക്കെ കളിക്കുന്നത്. ഇതിനെല്ലാം ശേഷം മറ്റ് സംസ്ഥാനങ്ങളിലേക്ക് ഓപ്പറേഷന്‍ താമര വ്യാപിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ വ്യാപരിക്കുമ്പോഴാണ് മഹാരാഷ്ട്രയില്‍ നിന്ന് ഓര്‍ക്കാപ്പുറത്ത് അടി കിട്ടുന്നത്. കൂടെക്കിടക്കുന്നവനേ രാപ്പനി അറിയൂ എന്ന് പറഞ്ഞ പോലെ, ബിജെപി വാഴ്ചയ്ക്ക് എന്നും കുടപിടിച്ചിട്ടുള്ള ശിവസേനയില്‍ നിന്നാണ് ബിജെപി പണി വാങ്ങിയത്. വിവിധ സംസ്ഥാനങ്ങളില്‍ എല്ലാ ധാര്‍മികതയും ലംഘിച്ച നീക്കങ്ങളിലൂടെ അധികാരം പിടിച്ചപ്പോഴൊക്കെ സ്തുതി പാഠകര്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായ്ക്ക് ചാര്‍ത്തിക്കൊടുത്ത വിശേഷണം രാഷ്ട്രീയ ചാണക്യനെന്നാണ്. ആ ചാണക്യന്റെ പാര്‍ട്ടിയാണ് ശിവസേനയുടെ മുപ്പതുകള്‍ കടന്നിട്ടില്ലാത്ത കൊച്ചു പയ്യന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ മുന്നില്‍ മൂക്കു കൊണ്ട് ക്ഷ ത്ര ജ്ഞ എന്ന് വരക്കുന്നത്.

മാധ്യമ രംഗത്തും രാഷ്ട്രീയ രംഗത്തും എല്ലാമുള്ള അമിത്ഷാ ഫാന്‍സ് അസോസിയേഷന്‍ ഇപ്പോള്‍ മഹാരാഷ്ട്രയില്‍ അമിത് ഷാ ഇടപെട്ടിട്ടേയില്ല എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ്. ബിജെപിയ്ക്കും അമിത്ഷായ്ക്കും മഹാരാഷ്ട്രയിലെ തിരിച്ചടി ഉണ്ടാക്കിയ ക്ഷീണം ചെറുതൊന്നുമല്ല. ഹരിയാനയിലും മഹാരാഷ്ട്രയിലും മികച്ച വിജയം നേടിയെന്നും ബിജെപി സര്‍ക്കാരുകള്‍ അധികാരമേല്‍ക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി പ്രഖ്യാപിച്ചതിന് ശേഷമാണ് നിശ്ചിത സമയപരിധിക്കുള്ളില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിയാതെ കാവല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫെഡ്‌നാവിസിന് രാജിവെക്കേണ്ടി വന്നത്. അതും ഭൂരിപക്ഷം കിട്ടാതിരുന്ന ഹരിയാനയില്‍ സര്‍ക്കാരുണ്ടാക്കിയിട്ടും. നാളെ ഈ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് ബിജെപിയും ശിവസേനയും തന്നെ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കില്ല എന്നൊന്നും ആരും കരുതുന്നില്ല. പക്ഷേ എതിരാളികളുടെയും ജനങ്ങളുടെയുമൊക്കെ സാമാന്യ ബുദ്ധിയെപ്പോലും വെല്ലുവിളിച്ച് ബിജെപിയും മോദി-ഷാ കൂട്ടുകെട്ടും നടത്തിയ ജനാധിപത്യ വിരുദ്ധ നീക്കങ്ങളാണ് ശിവസേന അടിക്കുന്ന ഗോളുകളും താല്‍ക്ാലിക വിജയവും പോലും ജനാധിപത്യ വിശ്വാസികള്‍ക്കും മതേതര വിശ്വാസികള്‍ക്കും ആഹ്ലാദമേകുന്നത്.

Exit mobile version