ഫാസിസ്റ്റുകള്‍ ഫുള്‍ സ്പീഡിലാണ്; കോണ്‍ഗ്രസിന്റെ വണ്ടി സ്റ്റാര്‍ട്ടായിട്ടു പോലുമില്ല

അടുത്ത കാലത്തൊന്നും പ്രതീക്ഷയ്ക്ക് വകയില്ലെന്നാണ് സമകാലീന സാഹചര്യങ്ങള്‍ വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുന്നത്

രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചു കഴിഞ്ഞതേയുള്ളൂ. കപട ദേശീയതയും അതിന്റെ മേല്‍ നിര്‍ലോഭം അഴിച്ചു വിട്ട വാഗ്‌ധോരണികളും മാത്രം കൈമുതലാക്കിയ ഫാസിസം ആ തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയിക്കുകയും ചെയ്തു. ഫാസിസ്റ്റ് വിരുദ്ധതയുടെ രാഷ്ട്രീയം ഇന്ത്യയുടെ ജനാധിപത്യ പോരാട്ടത്തില്‍ ദയനീയമായി പരാജയപ്പെട്ടു. അതൊരു യാഥാര്‍ത്ഥ്യമാണ്. അധികാരത്തില്‍ വന്ന സര്‍ക്കാര്‍ അവര്‍ക്ക് ലഭിച്ച ഭൂരിപക്ഷത്തിന്റെ ഗര്‍വില്‍ തികച്ചും ജനവിരുദ്ധമായ ഏകാധിപത്യ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയുമാണ്. തെരഞ്ഞെടുപ്പിലും അല്ലാത്തപ്പോഴുമൊക്കെ ലഭിച്ച കോര്‍പ്പറേറ്റ് സഹായങ്ങള്‍ക്കുള്ള നന്ദിയായി ഈ രാജ്യത്തിന്റെ എല്ലാ സമ്പത്തും കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കാനായി പരസ്യമായിത്തന്നെ എഴുതിക്കൊടുക്കുന്നു. കപടദേശീയതാ പ്രഘോഷണത്തിലൂടെ ആര്‍ജിച്ച പിന്തുണയും രാജ്യത്ത് വളര്‍ത്തിയെടുത്തിട്ടുള്ള വംശീയ വിദ്വേഷവും മുതലെടുത്ത് ചില വിഭാഗങ്ങള്‍ക്ക് മൗലികാവകശങ്ങള്‍ പോലും നിഷേധിക്കുന്നു.

ഈ രാജ്യത്തിലെ തന്നെ ഒരു പ്രദേശത്തെ ജനങ്ങളെയും നേതാക്കളെയും തടവിലിടാന്‍ ഭരണകര്‍ത്താക്കള്‍ക്ക് ഒരു തടസ്സവും നേരിടേണ്ടതില്ലെന്ന അവസ്ഥയിലേക്ക് ഈ രാജ്യത്തെ അവര്‍ മാറ്റിയെടുത്തിട്ടുണ്ട്. തടവിലാക്കുന്നുവെന്ന് മാത്രമല്ല, ഇന്ത്യയെന്ന രാജ്യം അതിന്റെ സ്വന്തം ജനങ്ങള്‍ക്ക് അനുവദിക്കുന്ന മൗലികമായ അവസ്ഥയടക്കം നിഷേധിച്ച ശേഷം അവരുടെ അവസ്ഥയെ പരിഹസിക്കാന്‍ കൂടി ഭരണകര്‍ത്താക്കള്‍ക്ക് സാധിക്കുന്നു. അതിനെതിരെ ശക്തമായ പ്രതിഷേധം പോലും ഈ മഹത്തായ ജനാധിപത്യ രാജ്യത്ത് ഉയരുന്നുമില്ല. അതുകൊണ്ടാണ് കശ്മീരിലെ നേതാക്കള്‍ തടവിലായാലെന്താ അവര്‍ക്ക് ഞങ്ങള്‍ നല്ല ഭക്ഷണവും താമസവും വിനോദോപാധികളും നല്‍കുന്നുണ്ടല്ലോ എന്നു ചോദിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ക്ക് ധൈര്യം വരുന്നത്. എന്ത് സൗകര്യമുണ്ടായിട്ടും കാര്യമില്ല, സ്വാതന്ത്ര്യമാണ് അതിനേക്കാളൊക്കെ വലുത് എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞിട്ടുള്ള പ്രധാന വിമോചനപ്പോരാട്ടങ്ങളില്‍ ഒന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരമാണ്. ഒരു പക്ഷേ അതില്‍ പങ്കൊന്നുമില്ലാത്തതിനാല്‍ അതിന്റെ വില അവര്‍ക്കറിയാഞ്ഞിട്ടുമായിരിക്കാം.

ഇപ്പോള്‍ രാജ്യത്ത് മറ്റൊരു തെരഞ്ഞെടുപ്പ് പോരാട്ടം വരികയാണ്. അതില്‍ ഏറ്റവും പ്രധാനം ഹരിയാനയിലും മഹാരാഷ്ട്രയിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളാണ്. മുകളില്‍ വിശദീകരിച്ച സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതു കൊണ്ടു തന്നെ നിയമസഭാ തെരഞ്ഞെടുപ്പുകളെ എത്രമാത്രം സൂക്ഷമതയോടെയും തയ്യാറെടുപ്പോടെയും കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധ ചേരിയ്ക്ക് ഒരു ചെറിയ സംശയം പോലും ഉണ്ടാവേണ്ട കാര്യമില്ല. ഇതിനു മുന്‍പ് ഫാസിസ്റ്റുകളെ തടയാന്‍ വിവിധ സസ്ഥാനങ്ങളിലെ ഭരണവും രാഷട്രീയമായ മുന്‍തൂക്കവുമൊക്കെ ഫാസിസ്റ്റ് വിരുദ്ധ ചേരിയ്ക്ക് സഹായകമായിട്ടുണ്ടെന്നതില്‍ സംശയമില്ല. പല ജനവിരുദ്ധ നിയമങ്ങളെയും തടഞ്ഞു നിര്‍ത്തിയത് സംസ്ഥാനങ്ങളുടെ പ്രതിനിധി സഭയായ രാജ്യസഭയായിരുന്നു. എന്നാല്‍ ഫാസിസ്റ്റുകളുടെ രണ്ടാം വിജയത്തിന് ശേഷം ആ എതിര്‍പ്പിന്റെയും ശക്തി ചോരുകയാണ്. ഫ്‌ളോര്‍ മാനേജ്‌മെന്റ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന മാനസിക വിജയവും രാഷ്ട്രീയ കൊടുക്കല്‍ വാങ്ങലുകളും പണമെറിഞ്ഞുള്ള വിജയവും എല്ലാം ആവശ്യാനുസരണം ചേര്‍ത്ത് രാജ്യസഭയുടെ സമ്മതിയും നേടാന്‍ ഇന്നവര്‍ക്ക് കഴിയുന്നു. നേരത്തെ തടഞ്ഞു നിര്‍ത്തിയ പലതും അതേ സഭയിലൂടെ അവര്‍ പരസ്യമായിത്തന്നെ കടത്തിക്കൊണ്ടു വന്നു.

ഇനി അവിടെയും ഭൂരിപക്ഷത്തിലേക്ക് അവര്‍ അടുക്കുകയാണ്. അതുകൊണ്ട് ഓരോ സംസ്ഥാനത്തിലും നടക്കുന്ന തെരഞ്ഞെടുപ്പുകളും നിര്‍ണായകം തന്നെയാണ്. അതാത് സംസ്ഥാനത്തെ രാഷ്ട്രീയത്തില്‍ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലും. തല്‍ക്കാലം കേന്ദ്രഭരണം കയ്യാളുന്ന ഹൈന്ദവ ഫാസിസത്തെ ചെറുക്കാന്‍ സംസ്ഥാനങ്ങളിലെ ഭരണം പിടിച്ച് രാജ്യസഭയില്‍ ഫാസിസ്റ്റ് വിരുദ്ധ കക്ഷികളുടെ ഭൂരിപക്ഷം കൂട്ടുകയല്ലാതെ വേറെ മാര്‍ഗങ്ങളൊന്നുമില്ല. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ ഫാസിസ്റ്റ് വിരുദ്ധ കക്ഷിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിന് ഈ പ്രാധാന്യം തിരിച്ചറിയാന്‍ പോലുമായിട്ടില്ല എന്നാണ് അവരുടെ ചെയ്തികള്‍ കണ്ടാല്‍ തോന്നുക. അപകടവും അതിനെ ചെറുക്കാനുള്ള മാര്‍ഗവുമൊക്കെ തിരിച്ചറിയുകയും ചെയ്താലല്ലേ അതിന്റെ അടിസ്ഥാനത്തില്‍ പവര്‍ത്തിക്കാനാവൂ.

ഹരിയാനയില്‍ തെരഞ്ഞെടുപ്പ് രംഗത്തെ അവസ്ഥ കണ്ടാല്‍ത്തന്നെ സ്ഥിതി എത്ര പരിതാപകരമാണെന്ന് മനസ്സിലാവും. അവിടെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍വസന്നാഹങ്ങളോടെയും ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. എന്നാല്‍ കോണ്‍ഗ്രസോ. തെരഞ്ഞെടുപ്പിനോടടുപ്പിച്ച് അവിടത്തെ പ്രബല നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍സിങ്ങ് ഹുഡ വിമത കണ്‍വെന്‍ഷന്‍ വരെ നടത്തി ബിജെപിയിലേക്ക് പോകുമെന്ന പ്രതീതിയുണ്ടാക്കി. ഹുഡയെ പിണക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പിസിസി അദ്ധ്യക്ഷനും ഹുഡയുടെ എതിരാളിയുമായ അശോക് തന്‍വറിനെ മാറ്റി കുമാര്‍ സെല്‍ജയെ അദ്ധ്യക്ഷയാക്കി. തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഹുഡയും സ്വന്തക്കാരും മുന്‍ നേതാക്കളുടെയും മുന്‍മുഖ്യമന്ത്രിമാരുടെയും ബന്ധുക്കളം അനന്തരാവകാശികളുമൊക്കെ അടങ്ങുന്ന പട്ടികയില്‍ അശോക് തന്‍വറിനെയും സെല്‍ജയെയും മാറ്റി നിര്‍ത്തി. ഇതില്‍ പ്രകോപിതനായ അശോക് തന്‍വര്‍ ഹുഡയുടെ വേണ്ടപ്പെട്ടവര്‍ക്ക് സീറ്റ് നല്‍കിയെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള ഗുലാം നബി ആസാദ് അഞ്ചു കോടി വരെ വാങ്ങി സീറ്റ് വിറ്റെന്നും ആരോപിച്ച് രംഗത്തു വന്നു.

തന്‍വറിന്റെ അനുയായികള്‍ ഡല്‍ഹിയില്‍ സോണിയഗാന്ധിയുടെ വസതിയ്ക്കു മുന്‍പില്‍ പ്രതിഷേധ പ്രകടനം നടത്തി. ഗാന്ധി കുടുംബത്തിന്റെ ആശ്രിതര്‍ക്കു മാത്രമേ കോണ്‍ഗ്രസില്‍ രക്ഷയുള്ളൂ എന്ന് ആരോപിച്ച അശോക് തന്‍വര്‍ പാര്‍ട്ടി പദവികളെല്ലാം രാജിവെച്ചു. ഇതാണ് ഹരിയാനയിലെ തെരഞ്ഞെടുപ്പ് ചിത്രം. ബിജെപി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെങ്കില്‍ അത് മുതലെടുക്കാന്‍ പോലും പറ്റുന്ന അവസ്ഥയിലല്ല കോണ്‍ഗ്രസ്. ഭരണവിരുദ്ധ വികാരത്തെ പശു രാഷ്ട്രീയത്തിലൂടെയും പൗരത്വ രജിസ്റ്ററിലൂടെയുമൊക്കെ മറികടക്കാനുള്ള ശ്രമം ബിജെപി നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഇത്. തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ബിജെപിയെ തോല്പിക്കാനുള്ള ശേഷി പോയിട്ട് സ്വന്തം പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി പോലും ഹരിയാനയിലെ കോണ്‍ഗ്രസിന്. അതായത് ജനം ബിജെപിയെ തോല്‍പിക്കാന്‍ ശ്രമിച്ചാല്‍ പോലും കോണ്‍ഗ്രസ് സമ്മതിക്കില്ല എന്നര്‍ത്ഥം.

മഹാരാഷ്ട്രയില്‍ സ്ഥിതി അല്പം വ്യത്യസ്തമാണ്. അവിടെ ബിജെപിയുടെ എന്‍ഡിഎ മുന്നണിയില്‍ അടിയാണ്. ബിജെപിയും ശിവസേനയും തമ്മിലുള്ള അടി ഇതുവരെ തീര്‍ന്നിട്ടില്ല. ആ സാഹചര്യം മുതലാക്കാന്‍ കോണ്‍ഗ്രസ് എന്‍സിപി സഖ്യം ശ്രമിക്കുന്നുണ്ടെങ്കിലും അതിന് അവര്‍ സ്വീകരിക്കുന്ന മാര്‍ഗം തമാശ തോന്നിപ്പിക്കുന്നതാണ്. ഒരു രാഷ്ട്രീയ പോരാട്ടത്തിനല്ല കോണ്‍ഗ്രസ് എന്‍സിപി സഖ്യം അവിടെ തയ്യാറായിട്ടുള്ളത്. ബിജെപി ശിവസേനാ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക വരുമ്പോള്‍ അതൃപ്തരാവുന്ന നിരവധി പേരുണ്ടാവുമെന്നും അവര്‍ വരുമ്പോള്‍ അവരെ എടുക്കാമെന്നും കണക്കാക്കി സീറ്റുകള്‍ ഒഴിച്ചിട്ട് കാത്തിരിക്കുന്നതാണ് കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും ഫാസിസ്റ്റ് വിരുദ്ധ തന്ത്രം. ഒറ്റനോട്ടത്തില്‍ ബിജെപിയുടെ പര്‍ച്ചേസ് പൊളിറ്റിക്‌സിന് അതേ നാണയത്തില്‍ മറുപടി എന്ന് തോന്നാമെങ്കിലും വലിയ മണ്ടത്തരമാണ് കോണ്‍ഗ്രസ് കാണിക്കുന്നത്. ഇപ്പോള്‍ തന്നെ ഭരണമുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസുകാരെല്ലാം കൂട്ടം കൂട്ടമായി ബിജെപിയിലേക്ക് പോവുകയാണ്. കര്‍ണാടകയിലെ ഭരണം പോയത് മറക്കാറായിട്ടില്ല. അപ്പോഴാണ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാഷ്ട്രീയ പോരാട്ടം നടത്താതെ ബിജെപിയ്ക്ക് വാങ്ങിക്കാന്‍ കൂടുതല്‍ എളുപ്പമുള്ള ആളുകളെയും കൂട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലേക്ക് പോവുന്നത്. അഥവാ ജയിച്ചാലും സര്‍ക്കാര്‍ രൂപീകരണം വരെ പോലം ആ വിജയം എത്തിയെന്നു വരില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിന് ആയാറാം ഗയാറാം സംസ്‌കാരം സംഭാവന ചെയ്ത കോണ്‍ഗ്രസില്‍ നിന്ന് ഇതില്‍ക്കൂടല്‍ എന്ത് പ്രതീക്ഷിക്കാന്‍ എന്നതും ചോദ്യമാണ്.

ഹരിയാനയിലും മഹാരാഷ്ട്രയിലും രാഷ്ട്രീയം ഇങ്ങനെ നില്‍ക്കുന്നതിനിടയിലാണ് ആള്‍ക്കൂട്ടക്കൊലപാതങ്ങളില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത വാര്‍ത്തയും പുറത്തു വരുന്നത്. അങ്ങനെ നമ്മുടെ രാജ്യം ഇവിടെ നടക്കുന്ന സമൂഹ വിരുദ്ധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത, പ്രധാനമന്ത്രിയ്ക്ക് കത്തയയ്ക്കാനും പരാതി അയയ്ക്കാനും സ്വാതന്ത്ര്യമില്ലാത്ത സമ്പൂര്‍ണ ഏകാധിപത്യ രാജ്യമായി മാറുകയാണ്. അപ്പോഴാണ് രാജ്യത്തെ ഏറ്റവും വലിയ ഫാസിസ്റ്റ് വിരുദ്ധ ടാഗ് സ്വയം എടുത്ത് കഴുത്തില്‍ തൂക്കിയവര്‍ എവിടെയാണ് ഫാസിസമെന്നറിയാതെ ഇരുട്ടില്‍ തപ്പുന്നത്. അടുത്ത കാലത്തൊന്നും പ്രതീക്ഷയ്ക്ക് വകയില്ലെന്നാണ് സമകാലീന സാഹചര്യങ്ങള്‍ വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുന്നത്.

Exit mobile version